What looks like the end Of the road is more often Just a bend in the road.

Saturday, April 26, 2008

ഗുരുസാഗരത്തിലൂടെ

നാനാത്വത്തില്‍ നിന്ന് ഏകത്വത്തിലെത്തിയ മലയാളത്തിന്‍റെ പുണ്യം. അതിമനോഹരമായ ആഖ്യാനശൈലിയിലൂടെ മലയാളഭാഷയുടെ സര്‍വജ്ഞപീഠം കയറിയ ശ്രീ. ഓ.വി.വിജയന്‍, 1985 ഒക്റ്റോബറില്‍ ശ്രീരാഗം മാസികയുടെ സഹപത്രാധിപരായിരുന്ന ശ്രീ. വി. നടരാജനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന്.

കോണി കയറി വരുന്ന ദുര്‍ബ്ബലമായ കാലൊച്ചകള്‍. ( ആ വാക്കാണ് ശരി. ദൈവമേ ദുര്‍ബ്ബലമായ കാലോച്ചകള്‍ ) ഞാന്‍ നിന്നു.

എന്‍റെ മുന്നില്‍, നീണ്ട തലമുടി, കണ്ണട, മുട്ടും കഴിഞ്ഞു കിടക്കുന്ന ജുബ്ബ. ഖദര്‍ മുണ്ട്. കയ്യിലടുക്കിപ്പീടിച്ച പുസ്തകങ്ങള്‍ -

ഓട്ടുപുലായ്ക്കല്‍ വേലുക്കുട്ടി വിജയന്‍. എന്‍റെ കൈവശം ചോദ്യങ്ങളുണ്ടായിരുന്നില്ല. തേച്ചു മിനുക്കിയ ഓട്ടുഗ്ലാസുകളുകളില്‍ തണുത്ത വെള്ളം കുടിച്ചിരിക്കുമ്പോള്‍, നിമിഷങ്ങളുടെ മൌനത്തിനോടുവില്‍ നീണ്ട മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള തന്‍റെ സന്ധ്യകളിലേക്ക് ഇതിഹാസകാരന്‍ മടങ്ങിപ്പോയി.

1955ല്‍ ആണ്, കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളോട് താല്പര്യം തോന്നിയിരുന്ന കാലം.മലബാര്‍ ക്രസ്ത്യന്‍ കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി നോക്കുകയാണ്. ഒരു നാള്‍ പ്രിന്‍സിപ്പലുമായി വാക്തര്‍ക്കമുണ്ടായി. പഠിപ്പിച്ചു കൊണ്ടിരുന്ന പുസ്തകം മേശമേലെറിഞ്ഞ് അവിടന്നിറങ്ങിപ്പോന്നു.

1956ല്‍ സഹോദരി ശാന്തയോടൊപ്പം, തസ്സറക്കില്‍ ഒരു സമ്മര്‍ വെക്കേഷന്‍ ചെലവഴിക്കാനെത്തിയത് അങ്ങനെയാണ്.

തഞ്ചാവാരൂത്തെന്നു. വീണ്ടും കോളേജദ്ധ്യാപകനായിത്തന്നെ. തഞ്ചാവൂരെ ജീവിതം വൈവിധ്യമുള്ളതായിരുന്നു. തഞ്ചാവൂരെ ജീവിതം അധികകാലമുണ്ടായിരുന്നില്ല. ആ ജോലി താല്ക്കാലികമായിരുന്നു.

അങ്ങനെ ഒരു ദിവസം അതും നഷ്ടമായി. വ്യഥയുടെ നാളുകളിവിടെ ആരംഭിക്കുന്നു. അക്കാലത്ത് കാര്‍ട്ടൂണ്‍ വരച്ചു തുടങ്ങിയിരുന്നു. ശങ്കേര്‍സ് വീക്കിലി അവ പ്രസിദ്ധീകരിക്കുകയും പ്രതിഫലം തന്നുതുടങ്ങുകയും ചെയ്തിരുന്നു. പൊടുന്നനെ വരുമാനമില്ലാതാവുകയും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ ശങ്കേര്‍സ് വീക്കിലെക്കെഴുതി - ജോലി നഷ്ടമായി. എനിക്കെന്തെങ്കിലും തരാനുണ്ടെങ്കില്‍ തരിക. ( വ്യഥയുടെ, നഷ്ടബോധത്തിന്‍റെ, ദു:ഖത്തിന്‍റെ ഒക്കെ ഈ കാലത്താണ് ഖസാക്കിന്‍റെ ഇതിഹാസം മനസ്സിലൊരു ബീജമായി ഉയിര്‍ക്കൊള്ളുന്നത്. അപ്പുക്കിളി എന്ന കഥാപാത്രമായിരുന്നു മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ട് ആതുരമായ മനസ്സില്‍ ആദ്യമുരുത്തിരിഞ്ഞത്. )

അത്ഭുതകരമായ മറുപടിയാണ് ശങ്കേര്‍സ് ‍വീക്കിലിയില്‍ നിന്നും കിട്ടിയത്. ശങ്കറാണ് എഴുതിയത്. ദില്ലിക്കു വരൂ. ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങളോടൊപ്പം ചേരൂ.

ഇതിനിടെ, അപ്പുക്കിളിയുടെ കഥ എഴുതിയിരുന്നു. എക്കാലത്തെയും നല്ല സുഹൃത്താണ് പ്രതാപ വര്‍മ്മ. വര്‍മ്മ പറഞ്ഞു - വിജയാ, ഒരു മഹത്തായ സിംഫണിയുടെ അതിമനോഹരമായ തുടക്കമാണ് ഞാനിതില്‍ കാണുന്നത്. ഇതൊരു കഥയാക്കി നിറുത്തണ്ട.

ദൈവനീതി പോലെ ഞാനത് കേട്ടു. ഞാനതുള്‍ക്കൊണ്ടു.

പിന്നെ അധികമാലോചിക്കാനുണ്ടായിരുന്നില്ല. അപ്പുക്കിളിയുടേയും മാതവമ്മൂത്താര്ടേയും ഒക്കെ ആ ഇതിഹാസ ഭൂമിയിലേക്ക് നടന്നു നടന്നു പോവുകയായിരുന്നു.

ഒരു തീരുമാനത്തിലെത്താതെ ശങ്കറിന്‍റെ കത്തുമായി കോഴിക്കോട്ടു വന്നു. എന്‍.വി.കൃഷ്ണവാര്യരെ കാണുകയായിരുന്നു ലക് ഷ്യം. നിദ്രയുടെ താഴ്വര ഇതിനിടെ മാതൃഭൂമിക്കയച്ചിരുന്നു. എന്‍.വി. യാണ് അന്നത്തെ പത്രാധിപര്‍. എന്തു സംഭവിച്ചുവെന്നറിയില്ല, റിജക്ഷന്‍ സ്ലിപ്പുമായി മൂന്നാമത്തെയാഴ്ച കഥ തിരിച്ചു വന്നു.

എന്‍റെ കഥയ്ക്കെന്താണ് സംഭവിച്ചത് എന്ന് എന്‍.വി. ക്ക് എഴുതി ചോദിക്കണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല.

ശങ്കറുടെ എഴുത്ത് ഒരു വെളിപാടുപോലെയാണ് വന്നെത്തിയത്. അതുമായി കോഴിക്കോട്ടു വന്നു. എന്‍.വി. യോടു ചോദിച്ചു - എന്തേ എന്‍റെ കഥ തിരിച്ചയച്ചത്. ( ബാലിശമെന്നു തോന്നാവുന്ന അത്തരമൊരു ചോദ്യം ചോദിക്കുമായിരുന്നില്ല. പക്ഷെ നിദ്രയുടെ താഴ്വര എന്ന കഥക്ക് പിന്നില്‍ അത്രയും യാതനകളുണ്ട്. )

എന്‍.വി. സ്ത്ബ്ധനായി. മാസങ്ങള്‍ നീണ്ടുനിന്ന ഒരു കാശ്മീര്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളു അദ്ദേഹം. താന്‍ സ്ഥലത്തില്ലാതിരുന്നപ്പോള്‍ ഏതെങ്കിലും സഹപത്രാധിപരുടെ കയ്യില്‍ അതുചെന്നെത്തിയിരിക്കാം. വിജയന്‍റെ 'ഡെപ്ത്' അറിയാത്ത അയാള്‍ അബദ്ധത്തില്‍ തിരിച്ചയച്ചിട്ടുണ്ടാവും. ' ഏതായാലും തരൂ. ഞാനത് പ്രസിദ്ധീകരിക്കട്ടെ. '- എന്‍.വി. പറഞ്ഞു.

പക്ഷെ, അപ്പോഴേക്കും ജയകേരളത്തിന്‍റെ ഒരു വിശേഷാല്‍ പതിപ്പ് ആ കഥ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. കയ്യിലുണ്ടായിരുന്ന അപ്പുക്കിളിയുടെ കഥ എന്‍.വി. അപ്പോള്‍ത്തന്നെ വാങ്ങിച്ചു.

1958 സെപ്തംബറിലായിരുന്നു അതെന്ന് നന്നായി ഓര്‍ക്കുന്നു. അച്ചടിച്ചു വന്നതാവട്ടെ ഒക്റ്റോബര്‍ അവസാന വാരം.

ദേശാഭിമാനിയില്‍ നിന്ന് ഒരു വാരിക ഇറങ്ങിയിരുന്നു - പ്രപഞ്ചം ; അതിന്‍റെ എഡിറ്ററായി കുറച്ചു കാലം ജോലി നോക്കി. അന്നൊരിക്കല്‍ എ.കെ.ജി. ദേശാഭിമാനിയില്‍ വന്നു. എ.കെ.ജിയോട് ശങ്കറിന്‍റെ കത്തിനെക്കുറിച്ച് സൂചിപ്പിച്ചു. എ.കെ.ജി പറഞ്ഞു - താനിവിടെ നില്ക്കണ്ട. പോയി, ശങ്കറിനോടൊപ്പം ചേരൂ. താന്‍ ഭാവിയുള്ള ഒരു ചെറുപ്പക്കാരനാണ്. ദില്ലിയിലെ താമസത്തിനും മറ്റും എന്നെ വന്നു കാണുക. ഞാനത് നോക്കിക്കൊള്ളാം.

വീണ്ടും ഒരു വാക്ക്. ദൈവനീതിപോലെ ഒരനുഭവം. പിന്നെ വൈകിയില്ല. ദില്ലിക്ക് പുറപ്പെട്ടു. 1958 ഒക്റ്റോബറായിരുന്നു അത്.

ഇരുപത്തേഴുവര്‍ഷം മുമ്പുള്ള ആ ദിവസങ്ങളുടെ വിശദാംശങ്ങള്‍വരെ വിജയന്‍ ഓര്‍ത്തുവച്ചിരിക്കുന്നു. സുഖമില്ലാതെയാണ് ട്രെ‍യിന്‍ കയറുന്നത്. ഒരുതരം അനിശ്ചിതമായ മാനസികാവസ്ഥ.

കമ്പാര്‍ട്ടുമെന്‍റില്‍ വയറ്റിന് സുഖമില്ലാതെ കിടക്കുകയാണ്. ട്രെയിനിന്‍റെ കേറ്ററിംഗ് സര്‍വ്വീസില്‍ പരിചയക്കാരുണ്ട്. അവര്‍ കഞ്ഞിയും പൊടിച്ചമ്മന്തിയും തയ്യാറാക്കിത്തന്നു.

ഒരു ദിവസം രാവിലെ അവരിലൊരാള്‍ വായിക്കാനായികൊണ്ടു തന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് തുറന്നപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായി. അപ്പുക്കിളിയുടെ കഥ അതില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

പിന്നീട്, അതു തുടങ്ങി വച്ചപ്പോഴുണ്ടായ യാതനകളുണ്ടായില്ല. രവിയെന്ന കഥാപാത്രത്തെച്ചുറ്റി വീണ്ടും വീണ്ടും കഥാപാത്രങ്ങളുണ്ടായി. ഇതിഹാസങ്ങളുണ്ടായി. രവിയില്ത്തുടങ്ങി, കുട്ടാപ്പുനരിയിലും മുങ്ങാങ്കോഴിയിലും മൂലയ്ക്കലെ വെള്ളം നിറച്ച കലം ചൂണ്ടിക്കാണിച്ചപ്പോള്‍ മാസ്റ്റരെ തറഞ്ഞൊന്നു നോക്കിയ വില്ലവച്ച ശിപായിയില്‍ വരെ എത്തി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ക്ക് ത്രിമാനസ്വഭാവം കൈവന്നു.

ഒരവധിക്കാലം

പാലക്കാട്ടുള്ള സഹോദരിയുടെ വീട്ടില്‍ അത് ചെലവഴിക്കാനെത്തിയതാണ്. പനി. കുളിരും കടുത്ത തലവേദനയുമായി, ഉദയാസ്തമയങ്ങളില്‍ നിന്നകന്ന് തറവാട്ടില്‍ പുതച്ചുമൂടി കിടക്കുന്നു. അന്നൊരു ദിവസം, പടികടന്ന് ഖാലിയാര്‍ വന്നു; രോഗമറിയാന്‍, ആരുടേയും അനുവാദം കൂടാതെ മുറിതുറന്ന് ഖാലിയാര്‍ കട്ടിലിന്നരികില്‍ നിന്നു.

പുകചുറ്റിയ കണ്ണുകള്‍ കൊണ്ട് ത്രികാലങ്ങളിലേക്കും ഖാലിയാര്‍ നോക്കുന്നുണ്ടെന്നും അതത്രയും ഖാലിയാരറിയുന്നുണ്ടെന്നും തോന്നി.

- സാരമില്ല. ഒക്കെ ഭേദാവും. പടച്ചോന്‍ തുണയ്ക്കും. നേര്‍ത്ത്, ദൃഡമായ ശബ്ദത്തില്‍ ഖാലിയാരുടെ സാന്ത്വനപ്പെടുത്തല്‍.

( പാലക്കാടിന്നടുത്ത തസ്സറാക്കില്‍ ഖസാക്കിന്‍റെ ഇതിഹാസത്തിന്‍റെ ഈറ്റില്ലത്തില്‍ ജീവിച്ചിരിക്കുന്ന ഈ മദ്ധ്യവയസ്സുകാരന്‍ കരുതുന്നത് ' വിജയന്‍ സാറ് ' നോവലില്‍ ചിത്രീകരിച്ച ഖാലിയാര്‍ താന്‍തന്നെയാണെന്നാണ്. അതിലയാള്‍ക്ക് അഭിമാനവുമുണ്ട്. )

തസ്സറാക്കിലെ ജനങ്ങള്‍ ഇന്നും നോവലിസ്റ്റിനെ ഒരിതിഹാസ പുരുഷനായിട്ടാണ് കാണുന്നത്. ഒറ്റപ്പെട്ടുകിടന്ന ആ പാലക്കാടന്‍ ഗ്രാമത്തെ 'വിജയന്‍ സാറ്' അനശ്വരമാക്കിയെന്നവര്‍ വിശ്വസിക്കുന്നു.

ഉദ്യോഗസ്ഥയായ സഹോദരിയോടൊപ്പം തസ്സറാക്കില്‍ കുറച്ചുകാലം താമസിച്ചിരുന്നപ്പോള്‍ കണ്ടുമുട്ടിയ പലരും കഥാപാത്രങ്ങളാവുകയുണ്ടായി. അതദ്ദേഹം സമ്മദിക്കുന്നു.

" അത് വ്യക്തമാക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. ഒരുപക്ഷെ അവര്‍ക്കതിഷ്ടപ്പെട്ടില്ലെങ്കിലോ? അവരുടെ അറിവോടെയല്ലല്ലോ ഞാനത് ചെയ്തത്. " വിജയനിലെ സെന്‍റിമെന്‍റലായ മനുഷ്യനെ അടുത്തുകാണെനെനിക്കു ലഭിച്ച അവസരങ്ങളിലോന്നായിരുന്നു അത്.

നിങ്ങള്‍ക്കറിയാമോ, ഒരു ഐറിഷ് വിസ്ക്കിയും കുറച്ച് ഐസ് ക്യൂബുകളും ഒരു തണുപ്പിച്ച കോഫിയും കലര്‍ത്തി കുടിക്കാനാണ് ഒരിന്ത്യക്കാരന്‍ താജ് പാലസില്‍ കയറി എഴുപത്തഞ്ചു രൂപ ചെലവാക്കുന്നത്. ദില്ലിയില്‍ ഒരു രാജസ്ഥാനി വേശ്യയുടെ ഒരു മാസത്തെ ശമ്പളമാണത്. ഒന്നു ചിന്തിച്ചു നോക്കൂ, നമ്മളെങ്ങോട്ടാണ് പോവുന്നതെന്ന്. ഏഷ്യാഡിനോടനുബന്ധിച്ച് ദില്ലിയില്‍ എത്ര വന്‍കിട ഹോട്ടലുകളുണ്ടായി? നമുക്കിതൊക്കെ കൂടിയേ കഴിയൂ എന്നാരു പറഞ്ഞു? ആറാം പദ്ധതിക്കാലത്ത് മാത്രം ദില്ലിയില്‍ എത്ര ചേരികളുണ്ടായി എന്നാലോചിച്ചുട്ടുണ്ടോ?

ദില്ലി ഡെവലപ്പ്മെന്‍റ് അതോറിറ്റിയുടെ ഈ വീട് കണ്ടെത്താനും ജീവിതം കരുപ്പിടിപ്പിക്കാനും ഒരു പുരുഷായുസ്സിന്‍റെ നേരം ചെലവാക്കി. ഉവ്വ്, ഞാനിതിനിടെ ഒത്തിരിസമയം നഷ്ടപ്പെടുത്തി - കുടുംബ ജീവിതം എഴുത്തിനെ ഒരു കമ്മിറ്റ്മെന്‍റായി കരുതുന്നവര്‍ക്ക് പറ്റിയതല്ലെന്ന തന്‍റെ വീക്ഷണം - വിശ്വാസം ദൃഡപ്പെടുത്തുകയായിരുന്നു വിജയന്‍.

< /p>

No comments: