What looks like the end Of the road is more often Just a bend in the road.

Friday, April 25, 2008

ഗുരുപ്രസാദം

നമ്മള്‍ എന്താണെന്നതിനേക്കാള്‍ എന്തായിരിക്കണം എന്നതാണ് ശ്രീ നാരായണ ഗുരു നമ്മളെ അദ്ദേഹത്തിന്‍റെ ഉപദേശങ്ങളിലൂടെയത്രയും പഠിപ്പിച്ചത്. ഇന്നത്തെ രാഷ്ട്രീയ, സാമൂഹ്യ, മത പ്രമാണിമാര്‍ ഈ വാക്കുകള്‍ ഓര്‍ക്കുക വല്ലപ്പോഴും - കടപ്പാട് - അകവും പുറവും - സരോവരം മാസിക - മാര്‍ച്ച് - 1987
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്

ഒരിക്കല്‍ ഒരു ഭക്തന്‍ ശ്രീ നാരായണഗുരുവിനോടു ചോദിച്ചു - ആട്ടിന്‍ പാലും പശുവിന്‍ പാലും നമ്മള്‍ കുടിക്കാറുണ്ടല്ലോ സ്വാമീ? പിന്നെന്താണ് അവയുടെ മാംസം തിന്നാല്‍ തരക്കേട്?
സ്വാമികള്‍ : ഒരു തരക്കേടുമില്ല. ആട്ടെ, അമ്മയുണ്ടോ? ഭക്തന്‍ : ഇല്ല സ്വാമി. മരിച്ചു പോയി.സ്വാമികള്‍ : കുഴിച്ചിട്ടോ, തിന്നോ?

xxxxxxx

ശ്രീ നാരായണ ഗുരു ഒരു യാത്ര കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. പല്ലെല്ലാം കൊഴിഞ്ഞുപോയ തടിയനായ ഒരു വൃദ്ധന്‍ അപ്പോള്‍ മാടന്‍ തുള്ളിക്കോണ്ട് സ്വാമികളുടെ മുന്നിലെത്തി.

വൃദ്ധന്‍ : ഞാന്‍ ആരാണെന്നറിയാമോ ?

സ്വാമികള്‍ : ( പുഞ്ചിരിയോടെ ) കണ്ടിട്ടൊരു തടിമാടനാണെന്ന് തോന്നുന്നു.

വൃദ്ധന്‍ : നമ്മെ പരിഹസിക്കുന്നോ ? പരീക്ഷ വല്ലതും കാണണോ?

സ്വാമികള്‍ : ( ചിരിച്ചുകോണ്ട് ) ആ വായില്‍ പല്ലൊന്ന് കണ്ടാല്‍ കൊള്ളാം.

>xxxxxxxx

ശവം ദഹിപ്പിക്കുന്നതോ കുഴിച്ചു മൂടുന്നതോ ഏതാണ് നല്ലതെന്ന് ഒരു ഭക്തന്‍ ശ്രീനാരായണ ഗുരുവിനോട് ചോദിച്ചു:

സ്വാമികള്‍ : അത് ചക്കിലിട്ട് ആട്ടി തെങ്ങിന് വളമാക്കിയാല്‍ നന്ന്.

ഭക്തന്‍ : അയ്യോ, സ്വാമീ.......

സ്വാമികള്‍ : എന്താ, ശവത്തിന് നോവുമോ?

>xxxxxxxxxx

ശ്രീ നാരായണ ഗുരു ഒരു ഭക്തന്‍റെ വീട്ടില്‍ ഊണുകഴിക്കാനിരുന്നു.

സ്വാമികള്‍ : ഇപ്പോള്‍ മത്സ്യമാംസം കൂട്ടാറില്ലേ ! ഇന്ന് ഒന്നും ഇല്ലല്ലോ?

ഭക്തന്‍ : ഇപ്പോള്‍ അത്ര നിര്‍ബന്ധമില്ല. ഉണ്ടെങ്കില്‍ കഴിക്കും. അത്രയേയുള്ളു.

സ്വാമികള്‍ : ഇപ്പോള്‍ ഉണ്ടെങ്കില്‍ കഴിക്കും. മുമ്പൊക്കെ ഇല്ലെങ്കിലും കഴിക്കും. വലിയ മാറ്റം തന്നെ.

xxxxxxxxxxxxxx

തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി പുറത്തേക്ക് വരികയായിരുന്നു ശ്രീ നാരായണ ഗുരു. അപ്പോള്‍ ത്രിവേദിയായ ഒരു പണ്ഡിതനു സംശയം. അന്ന് ആ സമയത്ത് ക്ഷേത്ര പ്രതിഷ്ഠക്ക് മുഹൂര്‍ത്തം ഇല്ലായിരുന്നു.

പണ്ഡിതന്‍ : പ്രതിഷ്ഠക്ക് മുഹൂര്‍ത്തം ഏത് രാശിയിലാണ്?

സ്വാമികള്‍ : അടി അളന്നുണ്ടാക്കണം.

പണ്ഡിതന്‍ കാര്യം മനസ്സിലാക്കാതെ മിഴിച്ചു നിന്നു.

സ്വാമികള്‍ : കുട്ടി ജനിച്ചശേഷമല്ലേ ജാതകം ഉണ്ടാക്കുക. മുഹൂര്‍ത്തം കണക്കാക്കി ജനിക്കാറില്ലല്ലോ? പ്രതിഷ്ഠ കഴിഞ്ഞു. ഇനി മുഹൂര്‍ത്തം നോക്കിക്കോളു.

xxxxxxxxxx

സ്വാമികള്‍ ഒരിക്കല്‍ തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു. ഒരു രാജാവും ഒരു നമ്പൂതിരിയും സ്വാമിക്കു സമീപം ഉണ്ടായിരുന്നു. സ്വാമിയുടെ സംഭാഷണം കേട്ട അവര്‍ക്ക് അദ്ദേഹത്തോട് വളരെ ബഹുമാനമായി.

നമ്പൂതിരി : എന്താ പേര് ?

സ്വാമി : നാരായണന്‍

നമ്പൂതിരി : ജാതിയില്‍ ആരാണ്?

സ്വാമി : കണ്ടാല്‍ അറിഞ്ഞു കൂടെ?

നമ്പൂതിരി : അറിഞ്ഞുകൂടാ.

സ്വാമികള്‍ : കണ്ടാല്‍ അറിഞ്ഞുകൂടെങ്കില്‍ പിന്നെ കേട്ടാല്‍ അറിയുന്നതെങ്ങനെ ?


No comments: