What looks like the end Of the road is more often Just a bend in the road.

Friday, May 2, 2008

കസേരകളി

p>മാജം വര്‍ഷാവര്‍ഷം നടത്തിപ്പോരുന്ന കായിക മത്സരങ്ങളിലെ അവസാന ഇനം അരങ്ങേറാന്‍ പോവുകയായിരുന്നു. വനീതാ വിഭാഗത്തിന്‍റെ മ്യൂസിക്കല്‍ ചെയര്‍ അഥവാ കസേരകളിയുടെ പ്രാരംഭ നടപടികള്‍ മൈതാനിയില്‍ സംഘാടകര്‍ ആരംഭിച്ചു കഴിഞ്ഞു.

വട്ടത്തില്‍ നിരത്തിയിട്ട പത്തു കസേരകള്‍ക്കുചുറ്റും സര്‍ക്കിളിനു പുറത്ത് തരുണികള്‍ അണിഞ്ഞൊരുങ്ങി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നു. സ്ലിം ബ്യൂട്ടികളും ഫാറ്റ് ബ്യൂട്ടികളും കുമ്മായം കൊണ്ടുവരച്ച വട്ടത്തിന് ചുറ്റോടുചുറ്റും, മൈക്കിലൂടെ ഒഴുകിയെത്തിയ ഇന്‍സ്ട്രുമെന്‍റെല്‍ മ്യൂസിക്കിന്‍റെ താളക്രമവിടവനുസരിച്ച് ഓടിയും ഇരുന്നും ഓരോ റൌണ്ടുകളും തികച്ചുകൊണ്ടിരുന്നു.

കസേര കിട്ടാത്തവര്‍ ഇളിഭ്യരായി ചിരിച്ച് പുറത്തുപൊയ്ക്കൊണ്ടിരുന്നു. ഒടുവില്‍ മത്സര വിധി പ്രഖ്യാപനത്തിന്‍റെ ശേഷക്രിയയ്ക്കുവേണ്ടി രണ്ടുപേര്‍ അവശേഷിച്ചു. അത് ജയാ മേനോനും സുനിതാ നായരും ആയിരുന്നു. രണ്ടുപേരും ഇത്തിരി തടിച്ച സുന്ദരിക്കോതകളായിരുന്നു.

ഒന്നാം സ്ഥാനത്തെത്തി കസേര കൈക്കലാക്കാനുള്ള വാശിയില്‍ ഇരുവരും സാരി അല്പം കയറ്റി ഇടുപ്പില്‍ കുത്തി.

വിസില്‍ ശബ്ദമുയര്‍ന്നു.

വാദ്യോപകരണസംഗീതത്തിന്‍റെ ചടുലതയില്‍, കാണികളുടെ ആവേശം പകരുന്ന തപ്പടിയുടെ മൂര്‍ച്ഛയില്‍ ഇരുവരും കിതപ്പ് അശേഷം വകവെയ്ക്കാതെ സര്‍ക്കിളിനു പുറത്ത് കസേരയ്ക്കുചുറ്റും അന്ത്യമ വിധിക്കായി ഓടിത്തുടങ്ങി. കസേര സ്വന്തമാക്കിയേ അടങ്ങൂ എന്ന മുഴുത്ത വാശിയില്‍ അവരുടെ ആവേശം പതിന്മടങ്ങ് വര്‍ധിച്ചിരുന്നു.

സംഗീതം നിലച്ചു.

അവശേഷിച്ചിരുന്ന ഒരു കസേരയില്‍ ജയാ മേനോനും സുനിതാ നായരും അര്‍ദ്ധാസനത്തില്‍ ഇരിപ്പുറപ്പിച്ചു.

അന്നേരം റഫറി, ജയാ മേനോന്‍റെ കളിക്ക് ഫൌള്‍ വിധിച്ചു. സംഗീതം നിലയ്ക്കുന്നതിനുമുമ്പ് ജയാ മേനോന്‍ സര്‍ക്കിളിനുള്ളില്‍ പ്രവേശിച്ചിരുന്നു.!

സുനിതാ നായര്‍ ഒന്നാം സ്ഥാനക്കാരിയായി മൈക്കിലൂടെ അനൌണ്സ് ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു സംഘാടകര്‍.

" ഇത് പക്ഷപാതമാണ്. ഈ വിധിയെ ഞാന്‍ മാനിക്കുന്നില്ല. " - ജയാ മേനോന്‍റെ ഭര്‍ത്താവ് ഇടപെട്ടു.

കോലാഹലം ആരംഭിക്കുകയായിരുന്നു. കാണികള്‍ രണ്ടുചേരിയായി. തര്‍ക്കമായി, ബഹളമായി, തമ്മില്‍ തമ്മില്‍ വാടാ പോടാ വിളിയായി.

" ഏട്ടാ, സാരല്യാന്നേയ്. ഈ കസേരയില്ലെങ്കില്‍ വേറൊരു കസേര നമുക്ക് കിട്ടൂന്നേയ് " - ബഹളത്തിനിടയിലും ജയാ മേനോന്‍ പറഞ്ഞു.

" നീയ്യ് മിണ്ടാതിരിക്കെടി. ഞാനാ നിന്‍റെ അംഗത്വ ഫീസ് അടയിക്കണ് " - ജയാ മേനോന്‍റെ ഭര്‍ത്താവ് കുരച്ചു.

സ്പോര്‍ട്സ് കമ്മറ്റി ചെയര്‍മാനും കണ്‍വീനറും ഗ്രൌണ്ടിന്‍റെ ഒരറ്റത്ത് മാറിനിന്ന് പരസ്പരം കുശുകുശുത്തു.

മൈക്കിലൂടെ വിധിപ്രഖ്യാപനം പുറത്തെത്താന്‍ അധിക സമയമെടുത്തില്ല. മ്യൂസിക്കല്‍ ചെയറിന്‍റെ ഒന്നാം സ്ഥാനത്തേക്കുള്ള വിജയം തുല്യമായി പങ്കിട്ടിരിക്കുന്നു.

കാണികള്‍ ചേരിതിരിവ് മറന്ന് കൈയ്യടിച്ചു.

അന്നേരം ജയാ മേനോനേയും സുനിതാ നായരേയും വിക്റ്ററി സ്റ്റാന്‍ഡിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് മൈതാനിയില്‍ മുഴങ്ങി കേട്ടു.

ജയാ മേനോനും സുനിതാ നായരും വിക്റ്ററി സ്റ്റാന്‍റിന്‍റെ അരികിലെത്തി. അവര്‍ പരസ്പരം നോക്കി. എങ്ങനെ രണ്ടുപേരും വിക്റ്ററി സ്റ്റാന്‍റിന്‍റെ ഒന്നാം നിലയില്‍ ഒരുമിച്ച് കയറിനില്ക്കും എന്നായിരുന്നു അപ്പോള്‍ അവരെ അലട്ടിയിരുന്ന പ്രശ്നം.

അപ്പോള്‍ മാത്രമേ സംഘാടകര്‍ ആ യാഥാര്‍ത്ഥ്യത്തിന്‍റെ വിഷമവൃത്തം മനസ്സിലാക്കിയുള്ളു. ആദ്യം ആരെ കയറ്റിയാലും മറു ചേരിക്കാര്‍ ബഹളമുണ്ടാക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.

എങ്കില്‍ എല്ലാവരേയും വിസ്മയിപ്പിച്ചുകൊണ്ട് സ്പോര്‍ട്സ് കമ്മറ്റി പൊടുന്നനെ പരിഹാരം കണ്ടെത്തി.

ജയാ മേനോനും സുനിതാ നായരും മുഖാമുഖം നിന്ന് ഹസ്ത്ദാനം ചെയ്യുമ്പോള്‍ സഹൃദയരായ കാണികള്‍ നീണ്ട ഹര്‍ഷാരവത്തോടെ കസേരകളിക്കാരെ അഭിനന്ദിച്ചു.

Saturday, April 26, 2008

ഗുരുസാഗരത്തിലൂടെ

നാനാത്വത്തില്‍ നിന്ന് ഏകത്വത്തിലെത്തിയ മലയാളത്തിന്‍റെ പുണ്യം. അതിമനോഹരമായ ആഖ്യാനശൈലിയിലൂടെ മലയാളഭാഷയുടെ സര്‍വജ്ഞപീഠം കയറിയ ശ്രീ. ഓ.വി.വിജയന്‍, 1985 ഒക്റ്റോബറില്‍ ശ്രീരാഗം മാസികയുടെ സഹപത്രാധിപരായിരുന്ന ശ്രീ. വി. നടരാജനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന്.

കോണി കയറി വരുന്ന ദുര്‍ബ്ബലമായ കാലൊച്ചകള്‍. ( ആ വാക്കാണ് ശരി. ദൈവമേ ദുര്‍ബ്ബലമായ കാലോച്ചകള്‍ ) ഞാന്‍ നിന്നു.

എന്‍റെ മുന്നില്‍, നീണ്ട തലമുടി, കണ്ണട, മുട്ടും കഴിഞ്ഞു കിടക്കുന്ന ജുബ്ബ. ഖദര്‍ മുണ്ട്. കയ്യിലടുക്കിപ്പീടിച്ച പുസ്തകങ്ങള്‍ -

ഓട്ടുപുലായ്ക്കല്‍ വേലുക്കുട്ടി വിജയന്‍. എന്‍റെ കൈവശം ചോദ്യങ്ങളുണ്ടായിരുന്നില്ല. തേച്ചു മിനുക്കിയ ഓട്ടുഗ്ലാസുകളുകളില്‍ തണുത്ത വെള്ളം കുടിച്ചിരിക്കുമ്പോള്‍, നിമിഷങ്ങളുടെ മൌനത്തിനോടുവില്‍ നീണ്ട മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള തന്‍റെ സന്ധ്യകളിലേക്ക് ഇതിഹാസകാരന്‍ മടങ്ങിപ്പോയി.

1955ല്‍ ആണ്, കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളോട് താല്പര്യം തോന്നിയിരുന്ന കാലം.മലബാര്‍ ക്രസ്ത്യന്‍ കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി നോക്കുകയാണ്. ഒരു നാള്‍ പ്രിന്‍സിപ്പലുമായി വാക്തര്‍ക്കമുണ്ടായി. പഠിപ്പിച്ചു കൊണ്ടിരുന്ന പുസ്തകം മേശമേലെറിഞ്ഞ് അവിടന്നിറങ്ങിപ്പോന്നു.

1956ല്‍ സഹോദരി ശാന്തയോടൊപ്പം, തസ്സറക്കില്‍ ഒരു സമ്മര്‍ വെക്കേഷന്‍ ചെലവഴിക്കാനെത്തിയത് അങ്ങനെയാണ്.

തഞ്ചാവാരൂത്തെന്നു. വീണ്ടും കോളേജദ്ധ്യാപകനായിത്തന്നെ. തഞ്ചാവൂരെ ജീവിതം വൈവിധ്യമുള്ളതായിരുന്നു. തഞ്ചാവൂരെ ജീവിതം അധികകാലമുണ്ടായിരുന്നില്ല. ആ ജോലി താല്ക്കാലികമായിരുന്നു.

അങ്ങനെ ഒരു ദിവസം അതും നഷ്ടമായി. വ്യഥയുടെ നാളുകളിവിടെ ആരംഭിക്കുന്നു. അക്കാലത്ത് കാര്‍ട്ടൂണ്‍ വരച്ചു തുടങ്ങിയിരുന്നു. ശങ്കേര്‍സ് വീക്കിലി അവ പ്രസിദ്ധീകരിക്കുകയും പ്രതിഫലം തന്നുതുടങ്ങുകയും ചെയ്തിരുന്നു. പൊടുന്നനെ വരുമാനമില്ലാതാവുകയും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ ശങ്കേര്‍സ് വീക്കിലെക്കെഴുതി - ജോലി നഷ്ടമായി. എനിക്കെന്തെങ്കിലും തരാനുണ്ടെങ്കില്‍ തരിക. ( വ്യഥയുടെ, നഷ്ടബോധത്തിന്‍റെ, ദു:ഖത്തിന്‍റെ ഒക്കെ ഈ കാലത്താണ് ഖസാക്കിന്‍റെ ഇതിഹാസം മനസ്സിലൊരു ബീജമായി ഉയിര്‍ക്കൊള്ളുന്നത്. അപ്പുക്കിളി എന്ന കഥാപാത്രമായിരുന്നു മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ട് ആതുരമായ മനസ്സില്‍ ആദ്യമുരുത്തിരിഞ്ഞത്. )

അത്ഭുതകരമായ മറുപടിയാണ് ശങ്കേര്‍സ് ‍വീക്കിലിയില്‍ നിന്നും കിട്ടിയത്. ശങ്കറാണ് എഴുതിയത്. ദില്ലിക്കു വരൂ. ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങളോടൊപ്പം ചേരൂ.

ഇതിനിടെ, അപ്പുക്കിളിയുടെ കഥ എഴുതിയിരുന്നു. എക്കാലത്തെയും നല്ല സുഹൃത്താണ് പ്രതാപ വര്‍മ്മ. വര്‍മ്മ പറഞ്ഞു - വിജയാ, ഒരു മഹത്തായ സിംഫണിയുടെ അതിമനോഹരമായ തുടക്കമാണ് ഞാനിതില്‍ കാണുന്നത്. ഇതൊരു കഥയാക്കി നിറുത്തണ്ട.

ദൈവനീതി പോലെ ഞാനത് കേട്ടു. ഞാനതുള്‍ക്കൊണ്ടു.

പിന്നെ അധികമാലോചിക്കാനുണ്ടായിരുന്നില്ല. അപ്പുക്കിളിയുടേയും മാതവമ്മൂത്താര്ടേയും ഒക്കെ ആ ഇതിഹാസ ഭൂമിയിലേക്ക് നടന്നു നടന്നു പോവുകയായിരുന്നു.

ഒരു തീരുമാനത്തിലെത്താതെ ശങ്കറിന്‍റെ കത്തുമായി കോഴിക്കോട്ടു വന്നു. എന്‍.വി.കൃഷ്ണവാര്യരെ കാണുകയായിരുന്നു ലക് ഷ്യം. നിദ്രയുടെ താഴ്വര ഇതിനിടെ മാതൃഭൂമിക്കയച്ചിരുന്നു. എന്‍.വി. യാണ് അന്നത്തെ പത്രാധിപര്‍. എന്തു സംഭവിച്ചുവെന്നറിയില്ല, റിജക്ഷന്‍ സ്ലിപ്പുമായി മൂന്നാമത്തെയാഴ്ച കഥ തിരിച്ചു വന്നു.

എന്‍റെ കഥയ്ക്കെന്താണ് സംഭവിച്ചത് എന്ന് എന്‍.വി. ക്ക് എഴുതി ചോദിക്കണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല.

ശങ്കറുടെ എഴുത്ത് ഒരു വെളിപാടുപോലെയാണ് വന്നെത്തിയത്. അതുമായി കോഴിക്കോട്ടു വന്നു. എന്‍.വി. യോടു ചോദിച്ചു - എന്തേ എന്‍റെ കഥ തിരിച്ചയച്ചത്. ( ബാലിശമെന്നു തോന്നാവുന്ന അത്തരമൊരു ചോദ്യം ചോദിക്കുമായിരുന്നില്ല. പക്ഷെ നിദ്രയുടെ താഴ്വര എന്ന കഥക്ക് പിന്നില്‍ അത്രയും യാതനകളുണ്ട്. )

എന്‍.വി. സ്ത്ബ്ധനായി. മാസങ്ങള്‍ നീണ്ടുനിന്ന ഒരു കാശ്മീര്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളു അദ്ദേഹം. താന്‍ സ്ഥലത്തില്ലാതിരുന്നപ്പോള്‍ ഏതെങ്കിലും സഹപത്രാധിപരുടെ കയ്യില്‍ അതുചെന്നെത്തിയിരിക്കാം. വിജയന്‍റെ 'ഡെപ്ത്' അറിയാത്ത അയാള്‍ അബദ്ധത്തില്‍ തിരിച്ചയച്ചിട്ടുണ്ടാവും. ' ഏതായാലും തരൂ. ഞാനത് പ്രസിദ്ധീകരിക്കട്ടെ. '- എന്‍.വി. പറഞ്ഞു.

പക്ഷെ, അപ്പോഴേക്കും ജയകേരളത്തിന്‍റെ ഒരു വിശേഷാല്‍ പതിപ്പ് ആ കഥ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. കയ്യിലുണ്ടായിരുന്ന അപ്പുക്കിളിയുടെ കഥ എന്‍.വി. അപ്പോള്‍ത്തന്നെ വാങ്ങിച്ചു.

1958 സെപ്തംബറിലായിരുന്നു അതെന്ന് നന്നായി ഓര്‍ക്കുന്നു. അച്ചടിച്ചു വന്നതാവട്ടെ ഒക്റ്റോബര്‍ അവസാന വാരം.

ദേശാഭിമാനിയില്‍ നിന്ന് ഒരു വാരിക ഇറങ്ങിയിരുന്നു - പ്രപഞ്ചം ; അതിന്‍റെ എഡിറ്ററായി കുറച്ചു കാലം ജോലി നോക്കി. അന്നൊരിക്കല്‍ എ.കെ.ജി. ദേശാഭിമാനിയില്‍ വന്നു. എ.കെ.ജിയോട് ശങ്കറിന്‍റെ കത്തിനെക്കുറിച്ച് സൂചിപ്പിച്ചു. എ.കെ.ജി പറഞ്ഞു - താനിവിടെ നില്ക്കണ്ട. പോയി, ശങ്കറിനോടൊപ്പം ചേരൂ. താന്‍ ഭാവിയുള്ള ഒരു ചെറുപ്പക്കാരനാണ്. ദില്ലിയിലെ താമസത്തിനും മറ്റും എന്നെ വന്നു കാണുക. ഞാനത് നോക്കിക്കൊള്ളാം.

വീണ്ടും ഒരു വാക്ക്. ദൈവനീതിപോലെ ഒരനുഭവം. പിന്നെ വൈകിയില്ല. ദില്ലിക്ക് പുറപ്പെട്ടു. 1958 ഒക്റ്റോബറായിരുന്നു അത്.

ഇരുപത്തേഴുവര്‍ഷം മുമ്പുള്ള ആ ദിവസങ്ങളുടെ വിശദാംശങ്ങള്‍വരെ വിജയന്‍ ഓര്‍ത്തുവച്ചിരിക്കുന്നു. സുഖമില്ലാതെയാണ് ട്രെ‍യിന്‍ കയറുന്നത്. ഒരുതരം അനിശ്ചിതമായ മാനസികാവസ്ഥ.

കമ്പാര്‍ട്ടുമെന്‍റില്‍ വയറ്റിന് സുഖമില്ലാതെ കിടക്കുകയാണ്. ട്രെയിനിന്‍റെ കേറ്ററിംഗ് സര്‍വ്വീസില്‍ പരിചയക്കാരുണ്ട്. അവര്‍ കഞ്ഞിയും പൊടിച്ചമ്മന്തിയും തയ്യാറാക്കിത്തന്നു.

ഒരു ദിവസം രാവിലെ അവരിലൊരാള്‍ വായിക്കാനായികൊണ്ടു തന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് തുറന്നപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായി. അപ്പുക്കിളിയുടെ കഥ അതില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

പിന്നീട്, അതു തുടങ്ങി വച്ചപ്പോഴുണ്ടായ യാതനകളുണ്ടായില്ല. രവിയെന്ന കഥാപാത്രത്തെച്ചുറ്റി വീണ്ടും വീണ്ടും കഥാപാത്രങ്ങളുണ്ടായി. ഇതിഹാസങ്ങളുണ്ടായി. രവിയില്ത്തുടങ്ങി, കുട്ടാപ്പുനരിയിലും മുങ്ങാങ്കോഴിയിലും മൂലയ്ക്കലെ വെള്ളം നിറച്ച കലം ചൂണ്ടിക്കാണിച്ചപ്പോള്‍ മാസ്റ്റരെ തറഞ്ഞൊന്നു നോക്കിയ വില്ലവച്ച ശിപായിയില്‍ വരെ എത്തി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ക്ക് ത്രിമാനസ്വഭാവം കൈവന്നു.

ഒരവധിക്കാലം

പാലക്കാട്ടുള്ള സഹോദരിയുടെ വീട്ടില്‍ അത് ചെലവഴിക്കാനെത്തിയതാണ്. പനി. കുളിരും കടുത്ത തലവേദനയുമായി, ഉദയാസ്തമയങ്ങളില്‍ നിന്നകന്ന് തറവാട്ടില്‍ പുതച്ചുമൂടി കിടക്കുന്നു. അന്നൊരു ദിവസം, പടികടന്ന് ഖാലിയാര്‍ വന്നു; രോഗമറിയാന്‍, ആരുടേയും അനുവാദം കൂടാതെ മുറിതുറന്ന് ഖാലിയാര്‍ കട്ടിലിന്നരികില്‍ നിന്നു.

പുകചുറ്റിയ കണ്ണുകള്‍ കൊണ്ട് ത്രികാലങ്ങളിലേക്കും ഖാലിയാര്‍ നോക്കുന്നുണ്ടെന്നും അതത്രയും ഖാലിയാരറിയുന്നുണ്ടെന്നും തോന്നി.

- സാരമില്ല. ഒക്കെ ഭേദാവും. പടച്ചോന്‍ തുണയ്ക്കും. നേര്‍ത്ത്, ദൃഡമായ ശബ്ദത്തില്‍ ഖാലിയാരുടെ സാന്ത്വനപ്പെടുത്തല്‍.

( പാലക്കാടിന്നടുത്ത തസ്സറാക്കില്‍ ഖസാക്കിന്‍റെ ഇതിഹാസത്തിന്‍റെ ഈറ്റില്ലത്തില്‍ ജീവിച്ചിരിക്കുന്ന ഈ മദ്ധ്യവയസ്സുകാരന്‍ കരുതുന്നത് ' വിജയന്‍ സാറ് ' നോവലില്‍ ചിത്രീകരിച്ച ഖാലിയാര്‍ താന്‍തന്നെയാണെന്നാണ്. അതിലയാള്‍ക്ക് അഭിമാനവുമുണ്ട്. )

തസ്സറാക്കിലെ ജനങ്ങള്‍ ഇന്നും നോവലിസ്റ്റിനെ ഒരിതിഹാസ പുരുഷനായിട്ടാണ് കാണുന്നത്. ഒറ്റപ്പെട്ടുകിടന്ന ആ പാലക്കാടന്‍ ഗ്രാമത്തെ 'വിജയന്‍ സാറ്' അനശ്വരമാക്കിയെന്നവര്‍ വിശ്വസിക്കുന്നു.

ഉദ്യോഗസ്ഥയായ സഹോദരിയോടൊപ്പം തസ്സറാക്കില്‍ കുറച്ചുകാലം താമസിച്ചിരുന്നപ്പോള്‍ കണ്ടുമുട്ടിയ പലരും കഥാപാത്രങ്ങളാവുകയുണ്ടായി. അതദ്ദേഹം സമ്മദിക്കുന്നു.

" അത് വ്യക്തമാക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. ഒരുപക്ഷെ അവര്‍ക്കതിഷ്ടപ്പെട്ടില്ലെങ്കിലോ? അവരുടെ അറിവോടെയല്ലല്ലോ ഞാനത് ചെയ്തത്. " വിജയനിലെ സെന്‍റിമെന്‍റലായ മനുഷ്യനെ അടുത്തുകാണെനെനിക്കു ലഭിച്ച അവസരങ്ങളിലോന്നായിരുന്നു അത്.

നിങ്ങള്‍ക്കറിയാമോ, ഒരു ഐറിഷ് വിസ്ക്കിയും കുറച്ച് ഐസ് ക്യൂബുകളും ഒരു തണുപ്പിച്ച കോഫിയും കലര്‍ത്തി കുടിക്കാനാണ് ഒരിന്ത്യക്കാരന്‍ താജ് പാലസില്‍ കയറി എഴുപത്തഞ്ചു രൂപ ചെലവാക്കുന്നത്. ദില്ലിയില്‍ ഒരു രാജസ്ഥാനി വേശ്യയുടെ ഒരു മാസത്തെ ശമ്പളമാണത്. ഒന്നു ചിന്തിച്ചു നോക്കൂ, നമ്മളെങ്ങോട്ടാണ് പോവുന്നതെന്ന്. ഏഷ്യാഡിനോടനുബന്ധിച്ച് ദില്ലിയില്‍ എത്ര വന്‍കിട ഹോട്ടലുകളുണ്ടായി? നമുക്കിതൊക്കെ കൂടിയേ കഴിയൂ എന്നാരു പറഞ്ഞു? ആറാം പദ്ധതിക്കാലത്ത് മാത്രം ദില്ലിയില്‍ എത്ര ചേരികളുണ്ടായി എന്നാലോചിച്ചുട്ടുണ്ടോ?

ദില്ലി ഡെവലപ്പ്മെന്‍റ് അതോറിറ്റിയുടെ ഈ വീട് കണ്ടെത്താനും ജീവിതം കരുപ്പിടിപ്പിക്കാനും ഒരു പുരുഷായുസ്സിന്‍റെ നേരം ചെലവാക്കി. ഉവ്വ്, ഞാനിതിനിടെ ഒത്തിരിസമയം നഷ്ടപ്പെടുത്തി - കുടുംബ ജീവിതം എഴുത്തിനെ ഒരു കമ്മിറ്റ്മെന്‍റായി കരുതുന്നവര്‍ക്ക് പറ്റിയതല്ലെന്ന തന്‍റെ വീക്ഷണം - വിശ്വാസം ദൃഡപ്പെടുത്തുകയായിരുന്നു വിജയന്‍.

< /p>

Friday, April 25, 2008

ഗുരുപ്രസാദം

നമ്മള്‍ എന്താണെന്നതിനേക്കാള്‍ എന്തായിരിക്കണം എന്നതാണ് ശ്രീ നാരായണ ഗുരു നമ്മളെ അദ്ദേഹത്തിന്‍റെ ഉപദേശങ്ങളിലൂടെയത്രയും പഠിപ്പിച്ചത്. ഇന്നത്തെ രാഷ്ട്രീയ, സാമൂഹ്യ, മത പ്രമാണിമാര്‍ ഈ വാക്കുകള്‍ ഓര്‍ക്കുക വല്ലപ്പോഴും - കടപ്പാട് - അകവും പുറവും - സരോവരം മാസിക - മാര്‍ച്ച് - 1987
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്

ഒരിക്കല്‍ ഒരു ഭക്തന്‍ ശ്രീ നാരായണഗുരുവിനോടു ചോദിച്ചു - ആട്ടിന്‍ പാലും പശുവിന്‍ പാലും നമ്മള്‍ കുടിക്കാറുണ്ടല്ലോ സ്വാമീ? പിന്നെന്താണ് അവയുടെ മാംസം തിന്നാല്‍ തരക്കേട്?
സ്വാമികള്‍ : ഒരു തരക്കേടുമില്ല. ആട്ടെ, അമ്മയുണ്ടോ? ഭക്തന്‍ : ഇല്ല സ്വാമി. മരിച്ചു പോയി.സ്വാമികള്‍ : കുഴിച്ചിട്ടോ, തിന്നോ?

xxxxxxx

ശ്രീ നാരായണ ഗുരു ഒരു യാത്ര കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. പല്ലെല്ലാം കൊഴിഞ്ഞുപോയ തടിയനായ ഒരു വൃദ്ധന്‍ അപ്പോള്‍ മാടന്‍ തുള്ളിക്കോണ്ട് സ്വാമികളുടെ മുന്നിലെത്തി.

വൃദ്ധന്‍ : ഞാന്‍ ആരാണെന്നറിയാമോ ?

സ്വാമികള്‍ : ( പുഞ്ചിരിയോടെ ) കണ്ടിട്ടൊരു തടിമാടനാണെന്ന് തോന്നുന്നു.

വൃദ്ധന്‍ : നമ്മെ പരിഹസിക്കുന്നോ ? പരീക്ഷ വല്ലതും കാണണോ?

സ്വാമികള്‍ : ( ചിരിച്ചുകോണ്ട് ) ആ വായില്‍ പല്ലൊന്ന് കണ്ടാല്‍ കൊള്ളാം.

>xxxxxxxx

ശവം ദഹിപ്പിക്കുന്നതോ കുഴിച്ചു മൂടുന്നതോ ഏതാണ് നല്ലതെന്ന് ഒരു ഭക്തന്‍ ശ്രീനാരായണ ഗുരുവിനോട് ചോദിച്ചു:

സ്വാമികള്‍ : അത് ചക്കിലിട്ട് ആട്ടി തെങ്ങിന് വളമാക്കിയാല്‍ നന്ന്.

ഭക്തന്‍ : അയ്യോ, സ്വാമീ.......

സ്വാമികള്‍ : എന്താ, ശവത്തിന് നോവുമോ?

>xxxxxxxxxx

ശ്രീ നാരായണ ഗുരു ഒരു ഭക്തന്‍റെ വീട്ടില്‍ ഊണുകഴിക്കാനിരുന്നു.

സ്വാമികള്‍ : ഇപ്പോള്‍ മത്സ്യമാംസം കൂട്ടാറില്ലേ ! ഇന്ന് ഒന്നും ഇല്ലല്ലോ?

ഭക്തന്‍ : ഇപ്പോള്‍ അത്ര നിര്‍ബന്ധമില്ല. ഉണ്ടെങ്കില്‍ കഴിക്കും. അത്രയേയുള്ളു.

സ്വാമികള്‍ : ഇപ്പോള്‍ ഉണ്ടെങ്കില്‍ കഴിക്കും. മുമ്പൊക്കെ ഇല്ലെങ്കിലും കഴിക്കും. വലിയ മാറ്റം തന്നെ.

xxxxxxxxxxxxxx

തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി പുറത്തേക്ക് വരികയായിരുന്നു ശ്രീ നാരായണ ഗുരു. അപ്പോള്‍ ത്രിവേദിയായ ഒരു പണ്ഡിതനു സംശയം. അന്ന് ആ സമയത്ത് ക്ഷേത്ര പ്രതിഷ്ഠക്ക് മുഹൂര്‍ത്തം ഇല്ലായിരുന്നു.

പണ്ഡിതന്‍ : പ്രതിഷ്ഠക്ക് മുഹൂര്‍ത്തം ഏത് രാശിയിലാണ്?

സ്വാമികള്‍ : അടി അളന്നുണ്ടാക്കണം.

പണ്ഡിതന്‍ കാര്യം മനസ്സിലാക്കാതെ മിഴിച്ചു നിന്നു.

സ്വാമികള്‍ : കുട്ടി ജനിച്ചശേഷമല്ലേ ജാതകം ഉണ്ടാക്കുക. മുഹൂര്‍ത്തം കണക്കാക്കി ജനിക്കാറില്ലല്ലോ? പ്രതിഷ്ഠ കഴിഞ്ഞു. ഇനി മുഹൂര്‍ത്തം നോക്കിക്കോളു.

xxxxxxxxxx

സ്വാമികള്‍ ഒരിക്കല്‍ തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു. ഒരു രാജാവും ഒരു നമ്പൂതിരിയും സ്വാമിക്കു സമീപം ഉണ്ടായിരുന്നു. സ്വാമിയുടെ സംഭാഷണം കേട്ട അവര്‍ക്ക് അദ്ദേഹത്തോട് വളരെ ബഹുമാനമായി.

നമ്പൂതിരി : എന്താ പേര് ?

സ്വാമി : നാരായണന്‍

നമ്പൂതിരി : ജാതിയില്‍ ആരാണ്?

സ്വാമി : കണ്ടാല്‍ അറിഞ്ഞു കൂടെ?

നമ്പൂതിരി : അറിഞ്ഞുകൂടാ.

സ്വാമികള്‍ : കണ്ടാല്‍ അറിഞ്ഞുകൂടെങ്കില്‍ പിന്നെ കേട്ടാല്‍ അറിയുന്നതെങ്ങനെ ?


Thursday, April 24, 2008

അപൂര്‍വ്വം ചിലര്‍

കൊച്ചിയുടെ വേഗത്തിനൊപ്പം അല്ലെങ്കില്‍ ഒരടി മുമ്പേ സഞ്ചരിച്ച ജില്ലാ കളക്റ്റര്‍ മുഹമ്മദ് ഹനീഷിന് പടിയിറക്കം. കേരളം ചര്‍ച്ച ചെയ്യുന്ന ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിക്കോണ്ടാണ് മൂന്നേമുക്കാല്‍ വര്‍ഷം നീണ്ട എറണാകുളം ജില്ലാ കളക്റ്റര്‍ സ്ഥാനം ഇദ്ദേഹം ഒഴിയുന്നത്.

2004 ജൂലായ് 16ന് ജില്ലാകളക്റ്ററായി സ്ഥാനമേല്‍ക്കുമ്പോഴുണ്ടായിരുന്ന അതേ തിരക്കായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറായി സ്ഥാനം മാറ്റിക്കോണ്ട് മന്ത്രിസഭാ തീരുമാനം വന്ന ദിവസവും.

മൂന്നുമാസം മുമ്പിറങ്ങിയ 'ദ ഇക്കണൊമിക്സ്' എന്ന പ്രസിദ്ധീകരണത്തില്‍ ഇദ്ദേഹത്തെക്കുറിച്ചു വന്ന പരാമര്‍ശം ഈ തിരക്കിനോരംഗീകാരമാണ്. 16 മണിക്കൂര്‍ ജോലി ചെയ്യുന്ന ഇന്ത്യയിലെ ചുരുക്കം ഉന്നതോദ്യോഗസ്ഥരില്‍ ഒരാളിദ്ദേഹമെന്നാണ് പ്രസിദ്ധീകരണത്തിന്‍റെ കവര്‍ സ്റ്റോറിയില്‍ പറഞ്ഞിരിക്കുന്നത്.

' പൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെ ജോലിചെയ്യുകയെന്നതാണ് എന്‍റെ നയം. അതിനെത്ര സമയം വേണമെങ്കിലും ചെലവഴിക്കും. മറ്റേതൊരു കാലഘട്ടത്തേക്കാളും കഴിഞ്ഞ മൂന്നു നാലു വര്‍ഷത്തിനിടയില്‍ കൊച്ചിയുടെ വികസനവേഗം കൂടിയത് തിരക്ക് അനിവാര്യമാക്കി. കൊച്ചിയെ സംബന്ധിച്ച് വരാനിരിക്കുന്നത് അതിലേറെ തിരക്കുള്ള ദിവസങ്ങളാണ്. മുഹമ്മദ് ഹനീഷ് മാതൃഭൂമിയോടു പറഞ്ഞു.

യു.ഡി.എഫ്. സര്‍ക്കാരിന്‍റെ അവസാനകാലത്തും എല്‍.ഡിഫ്. സര്‍ക്കാരിന്‍റെ തുടക്കം മുതലും കളക്റ്ററായിക്കോണ്ടാണ് ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അതില്‍ പ്രധാനപ്പെട്ടതാണ് ഏറെ വെല്ലിവിളി നേരിട്ട് സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് വേണ്ട 246 ഏക്കര്‍ ഭൂമിയേറ്റെടുത്തത്.

നഗരത്തിലും പരിസരത്തും വികസന പ്രവര്‍ത്തനം ഒതുങ്ങിയില്ല. നേര്യമംഗലത്ത് ആദിവാസി ഗ്രാമത്തിന് സ്ഥലമേറ്റെടുത്തു. ആലുവ, പറവൂര്‍, മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കി.

( മാതൃഭൂമി ദിനപത്രം ഏപ്രില്‍, 11 2008 )


Wednesday, April 23, 2008

അച്യുത മേനോന് പിണഞ്ഞ അമളി-കഥ

മോഹന്‍ പ്രസ്സുടമ അച്യുത മേനോനന്‍‍ കസാലയില്‍ ചാരിക്കിടന്ന് ആലോചനയില്‍ ആണ്ടിരുന്നു. പ്രസ്സ് നടത്തിക്കൊണ്ട് പോകുന്നതില്‍ മോനോന്‍‍ ഉത്കണ്‍ഠപ്പെട്ടിരുന്നില്ല. പക്ഷെ, പ്രസ്സിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ബുക്ക് സ്റ്റാള്‍ മേനോന് ഏറെ മന:പ്രയാസം സൃഷ്ടിച്ചു.

ബുക്ക് സ്റ്റാള്‍ അടച്ചുപൂട്ടാന്‍ സുഹൃത്തുക്കള്‍ പലവുരു മേനോനെ ഉപദേശിച്ചതായിരുന്നു. അതൊന്നും അയാള്‍ ചെവിക്കൊണ്ടില്ല.

അയാള്‍ കച്ചവടത്തിന്‍റെ ഹരിശ്രീ കുറിച്ചത് എളിയ നിലയില്‍ തുടങ്ങിയ ഒരു ബുക്ക് സ്റ്റാളിലൂടെയായിരുന്നു. ഇന്ന് മേനോന്‍ നാലാള്‍ അറിയുന്ന ബിസിനസ്സുകാരനായിട്ടുണ്ട്. എങ്കിലും പഴയ കഷ്ടപ്പാടിന്‍റെ കറുത്ത ദിനങ്ങള്‍ ഇടയ്ക്കൊക്കെ അയാളെ വേട്ടയാടാറുണ്ട്.

കൊച്ചുമുതലാളിയുടെ അച്ചുകൂടത്തില്‍ അടിച്ചുവാരാന്‍ നിന്ന ആ തെണ്ടിച്ചെക്കന്‍ പയ്യെ മുതലാളിയുടെ വിശ്വസ്തനായിത്തീര്‍ന്നു. മുതലാളി മരണക്കിടക്കയില്‍ കിടന്ന് തന്‍റെ വിശ്വസ്ത സേവകനെ വിളിച്ചു. - " അച്ചൂ, നീയ് മിടുക്കനാണ്. ഇനി നീ ആശ്രിതനായിവടങ്നെ കഴൃണത് ശര്യല്ല. നിനക്ക് നല്ലൊരു ഭാവീണ്ട്......വല്ലതും സ്വന്തായി തൊടങ്ങ്.......അച്ചൂന് നല്ലതെ വരൂ....."

കൊച്ചുമുതലാളി അനുഗ്രഹിച്ചു കൊടുത്ത പണം മുടക്കി അച്യുത മേനോന്‍ വളരെ ചെറിയ തോതില്‍ നോട്ടുബുക്കുകളുടെ കച്ചവടം ആരംഭിച്ചു. അയാള്‍ക്ക് ഒരിക്കലും വച്ചകാല്‍ പിറകോട്ടു വലിക്കേണ്ടതായി വന്നില്ല; വച്ചടിവച്ചടി കയറ്റം. അയാള്‍ കച്ചവടം വിപുലീകരിച്ചു. അത് പടര്‍ന്ന് പന്തലിച്ചു.

എല്ലാം സ്വപ്രയത്നത്തിലൂടെ നേടിയതെങ്കിലും കയറിപ്പോന്ന വഴികളെപ്പറ്റി അയാള്‍ പൂര്‍ണ്ണ ബോധവാനായിരുന്നു.

അയാള്‍ ചാരുകസാലയില്‍ ഇളകിയിരുന്നു. ബുക്ക് സ്റ്റാള്‍ തുടര്‍ന്ന് നടത്തുന്നതിലേക്ക് കൈക്കൊള്ളേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരുന്നു.

അച്യുത മേനോന്‍റെ ഏക മകള്‍ അനിത പത്താംതരം ഉയര്‍ന്ന നിലയില്‍ വിജയിച്ചു. ഏതൊരച്ഛനേയും പോലെ മേനോനും അതില്‍ അഭിമാനിതനായിരുന്നു. അവളുടെ പഠിത്തം കുറച്ചകലെയുള്ള മഠം വക ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു മേനോന്‍ നടത്തിയത്. മഠത്തിന്‍റെ ഗമ അവള്‍ക്ക് അടുത്ത പട്ടണത്തിലെ കോളേജ് പ്രവേശനത്തില്‍ മുന്‍ഗണന നല്കി.

അച്യുത മേനോന്‍റെ ചിന്തകള്‍ തനി ബിസിനസ്സ് ശൈലിയില്‍ ഓട്ടം തുടങ്ങി.

അനിതയ്ക്ക് ഉച്ചക്ക് ശേഷമെ ക്ലാസില്‍ പോകേണ്ടതുള്ളു. അവളെ ഉച്ചവരെ ബുക്ക് സ്റ്റാളില്‍ ഇരുത്താം. ശേഷം ഭാഗം അമ്മാളു നോക്കട്ടെ.

അയാളുടെ വിചാരങ്ങളുടെ ശൃഖല നീണ്ടുപോവുകയായിരുന്നു.

പക്ഷെ, അമ്മാളു സമ്മതിക്കുമോ? അച്യുത മേനോനന്‍ ശങ്കിച്ചു. അമ്മാളു ശുദ്ധ ഗതിക്കാരിയാണ്. നേരേവാ നേരേപോ പ്രകൃതക്കാരിയായ തന്‍റെ ഭാര്യയെഎങ്ങനെയെങ്കിലും സമ്മതിപ്പിച്ചേ അടങ്ങൂ എന്ന തീരൂമാനത്തോടെ, ഒരു പരീക്ഷണത്തിനുള്ള പുറപ്പാടോടെ അച്യുത മേനോന്‍ പ്രസ്സിനു പുറത്തിറങ്ങി.

പലവിധ മനോവ്യാപാരങ്ങളോടെ അയാള്‍ വീട്ടിലെത്തി. അമ്മാളുഅമ്മ കൊടുത്ത ചായ ഊതിക്കുടിക്കുന്നതിനടയില്‍ അച്യുത മേനോന്‍ പൂമുഖത്ത് വരുത്തിയ മാറ്റങ്ങള്‍ ഔത്സുക്യത്തോടെ വീക്ഷിച്ചു. ആകാശനീലിമയുടെ ചാരുത നിറഞ്ഞ ജനല്‍ കര്‍ട്ടനുകള്‍; ഒരു ഭാവഗാനത്തിന്‍റെ സൌന്ദര്യത്തോടെ ഒഴുകുന്ന പുഴയുടെ ചുമര്‍ ചിത്രം.

അയാള്‍ക്ക് അനിതയുടെ കലാബോധത്തില്‍ മതിപ്പ് വളര്‍ന്നു

.

വിശ്രമത്തിനടയില്‍ അച്യുത മേനോന്‍ ചുമര് ചാരി നില്‍ക്കുന്ന അമ്മാളു അമ്മയോട് ബുക്ക് സ്റ്റാളിന്‍റെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് പറഞ്ഞു. തന്നെ വളര്‍ത്തിയ ബുക്ക് സ്റ്റാള്‍ ഉപേക്ഷിക്കുന്നതിലുള്ള വൈമനസ്യത്തെക്കുറിച്ച് സൂചിപ്പിച്ചു.

അമ്മാളുഅമ്മ എല്ലാം മൂളിക്കേട്ടു.

" അമ്മാളൂം അനിതയും വിചാരിച്ചാല്‍ കട നടത്താന്‍ പറ്റില്യേ." ഒടുവില്‍ മേനോന്‍ ചോദിച്ചു.

അമ്മാളു അമ്മ അസ്വസ്ഥതയോടെ ചുമര് ചാരി നിന്നു. വാക്കുകള്‍ അവര്‍ക്ക് എവിടെയൊക്കെയോ വഴി മുട്ടി.

" അതെ..... അതെ.......... ബാക്കിള്ളോന്‍ ഇനി കച്ചോടോം ചെയ്യണോ...... ഒന്നിനോക്കണം പോന്ന പെങ്കുട്യാ.......... കഷ്ടേ കഷ്ടം......... "

"അമ്മാളുനെന്താ കാര്യം പറഞ്യാ മനസ്സിലാവില്യേ."

അച്യുത മേനോന്‍റെ വാക്കുകള്‍ക്കപ്പുറം വഴിവിട്ടിറങ്ങാന്‍ അമ്മാളു അമ്മയ്ക്ക് അറിയില്ലായിരുന്നു.

പിറ്റേന്ന് പ്രഭാതം മുതല്‍ അമ്മയും മോളും ബുക്ക് സ്റ്റാളിലെ സെയില്‍സ് ഗേള്‍സായി ജോലി തുടങ്ങി. അച്യുത മേനോന്‍റെ ശിക്ഷണത്തില്‍ അവര്‍ ആത്മാര്‍ത്ഥതയോടെ വിപണനരംഗത്ത് മുഴുകി.

തിരക്കുകള്‍ക്കിടയില്‍ അപൂര്‍വമായി കിട്ടുന്ന രാത്രീയുടെ അന്ത്യയാമങ്ങളിലെ വിശ്രമവേളകളില്‍ അച്യുത മേനോന്‍ ബുക്ക് സ്റ്റാളിന്‍റെ വില്പ്പനയുടെ കണക്കുകളിലുടെ നീങ്ങിയപ്പോള്‍ അദ്ഭുതത്തോടെ, ഒട്ടൊരു വേദനയോടെ ആ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞു - ദിനംപ്രതി പുസ്തക വില്പന കുറഞ്ഞു വരുന്നു.

അച്യുത മേനോന്‍ ആദ്യമായി തോല്‍വി മണത്തറിഞ്ഞു. ഇതില്‍ എന്‍തോ പന്‍തി ‍കേടുള്ളതായി അയാള്‍ നിരീച്ചു.

പക്ഷെ, തെളിവുകള്‍. അത് അയാളെ കുഴക്കുന്ന കീറാമുട്ടിയാക്കി......

അപ്പോള്‍ അനിത ബുക്ക് സ്റ്റാളില്‍ ഇരിക്കുകയായിരുന്നു. ഹൈസ്കൂളില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ പുസ്തകം വാങ്ങാന്‍ എത്തിച്ചേര്‍ന്നു.

" ഇരുനൂറ് പേജ് നോട്ട്പുസ്തകം വേണം." കുട്ടികള്‍ പറഞ്ഞു.

" റൂള്ഡോ, അണ്‍റൂള്ഡോ" അനിത ചോദിച്ചു.

" മാഷോട് ചോദിക്കണം." കുട്ടി പറഞ്ഞു.

" ഓക്കെ. സാറിനോട് കണ്‍ഫേം ചെയ്ത് വരൂ. "

കുട്ടികള്‍ ഇറങ്ങാനുള്ള ബദ്ധപ്പാടിലായിരുന്നു. അന്നേരം അച്യുത മേനോന്‍ ധൃതിയില്‍ കയറി വന്നു.

" മക്കള് പുസ്തകം വാങ്ങീല്യേ" അയാള്‍ ചോദിച്ചു.

" ഇരൂന്നുറ് പേജിന്‍റെ പുസ്തകം ബ്ടെ ഇല്യാത്രെ. "

" ബ്ടെ ണ്ട് ല്ലോ. ആട്ടെ, മക്കള്‍ക്ക് വരയിട്ടതാ ഇടാത്തതാ വേണ്ടെ. "

" വരയിട്ടത്. " കുട്ടി പറഞ്ഞു.

പുസ്തകം എടുത്തുകൊടുക്കുമ്പോള്‍ മേനോന്‍ മകളെ രൂക്ഷമായി നോക്കി. അത്രമാത്രം.

അങ്ങുപുറത്ത് പ്രസ്സിനുമുന്നിലൂടെ നീണ്ടുപോവുന്ന ടാറിട്ട പൊതുനിരത്തിലൂടെ ഉദയാമോട്ടോര്‍ സര്‍വ്വീസ് അന്നേരം ഹൈസ്കൂള്‍ കുട്ടികളെ കുത്തിനിറച്ച് പട്ടണം ലക് ഷ്യമാക്കി കുതിച്ചു പാഞ്ഞു.............

Monday, April 21, 2008

ബാര്‍ബര്‍മാര്‍ക്ക് ചൈനയില്‍ പറുദീസ

രണ്ടുപേര്‍ക്ക് മുടിവെട്ടാന്‍ 61,200 രൂപ. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ സെങ്സോമുവിലെ ഒരു ഒരു ബാര്‍ബര്‍ ഷോപ്പാണ് രണ്ടു കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്രയും തുകക്കുള്ള ബില്‍ നല്‍കിയത്.

ബില്‍ നല്‍കാന്‍ പണമില്ലാത്തതിനാല്‍ കടക്കുള്ളില്‍ മണിക്കൂറുകളോളം ഇവരെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. ഒടുവില്‍ ഒത്തുതീര്‍പ്പിലൂടെ വിട്ടയച്ചു.

കടയുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചുരുന്ന ബോര്‍ഡ് കണ്ടാണ് ഇരുവരും ഉള്ളില്‍ കടന്നത്. മുടി വെട്ടാന്‍ 38 യുവാന്‍ ( ഏകദേശം 211 രൂപ ) ആണ് കൂലിയായി മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. മുടിവെട്ടിക്കഴിഞ്ഞപ്പോഴാണ് ഇരുവര്‍ക്കും കടയുടമ കനത്ത ബില്‍ നല്‍കിയത്.

തര്‍ക്കിച്ചു നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇവരെ കടയ്ക്കുള്ളീല്‍ തടഞ്ഞുവച്ചു. യുവാക്കളുടെ പരാതിയെത്തുടര്‍ന്ന് അധികൃതര്‍ കടപൂട്ടിച്ചു. മാത്രമല്ല, വന്‍ തുക പിഴയുമിട്ടു.

ഈ കടയെപ്പറ്റി നേരത്തെയും ഇത്തരം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

( കലാകൌമുദി ദിനപത്രം ഏപ്രില്‍, 11, 2008 )


ആ ചുകന്ന സഞ്ചി (ലേഖനം)

ചെറുകാട് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ചെറുകാട് ഗോവിന്ദ പിഷാരോടി. സാഹിത്യകാരന്‍, കോളേജ് പ്രൊഫസര്‍, കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സന്തത സഹചാരി എന്നിങ്ങനെയുള്ള നിരവധി വിശേഷണങ്ങള്‍ അദ്ദേഹത്തിനുണ്ട്. എല്ലാറ്റിനുമപരി അദ്ദേഹം നല്ലൊരുമനുഷ്യ സ്നേഹിയായിരുന്നു. യാതൊരു ആര്‍ഭാടവുമില്ലാത്ത ലളിത ജീവിതത്തിനുടമയായിരുന്നു ശ്രീ. ചെറുകാട്. അദ്ദേഹം ഏറെ എഴുതിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്‍റെ ആത്മകഥയായ ജീവിതപ്പാത ( സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി ). എന്ന ഒറ്റ കൃതി കോണ്ട് തന്നെ അദ്ദേഹം മലയാള സാഹിത്യത്തില്‍ തന്‍റേതായ ഒരിടം നേടിയെടുത്തു

മുപ്പത്തഞ്ചോളം വര്‍ഷത്തെ അടുപ്പവും സ്നേഹവും നിസ്സാരമല്ല, ഈ ചെറിയ മുനുഷ്യ ജീവിതത്തില്‍. എന്നിട്ടും ചെറുകാട് മരിച്ചു എന്ന് അപ്രതീക്ഷിതമായി കേട്ടപ്പോള്‍ എനിക്ക് ഞെട്ടലുണ്ടായില്ല.

മുറുക്കാന്‍ ചെല്ലവും പാര്‍ട്ടിസര്‍ക്കുലറുകളും സാഹിത്യകൃതികളും ക്ളാസ് നോട്ടുകളും വീട്ടിലേക്കുള്ള പഞ്ചസാരപ്പൊതിയും എല്ലാം കുത്തിനിറച്ച ആ വലിയ ചുവന്ന തുണിസഞ്ചി അദ്ദേഹം താഴത്തിറക്കി എന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ആ സഞ്ചി അദ്ദേഹത്തിന്‍റെ പ്രതീകമായിരുന്നു.

ചെറുകാടിനെ സംബന്ധിച്ചിടത്തോളം, കാലത്തിന്‍റെ ഗതിയെ കണ്ടറിയുവാന്‍ കഴിഞ്ഞുവെന്നതായിരുന്നു ഏറ്റവും വലിയ വിദ്യാഭ്യാസം. അദ്ദേഹം സമ്പാദിച്ച മറ്റെല്ലാ അറിവുകളും ഈയൊരു അറിവിനെ പോഷിപ്പിക്കുകയാണ് ചെയ്തത്. അദ്ദേഹവുമായി വാദപ്രതിവാദം നടത്തുമ്പോള്‍ മറ്റെല്ലാ ഭാഗത്തും അദ്ദേഹം കുറെയൊക്കെ വിട്ടുവീഴ്ചക്ക് തയ്യാറാകും. എന്നാല്‍, കലാബോധത്തെ സംബന്ധിച്ചുള്ള സ്വന്തം നിലപാടിന് അല്പംപോലും മാറ്റമുണ്ടാകുകയില്ല. ഒരിക്കല്‍ 'കാലത്തിനായിക്കൊണ്ട് നമസ്കരിക്കുക" എന്നര്‍ത്ഥംവരുന്ന ഋഷിസൂക്തം ഞാന്‍ അദ്ദേഹത്തിനു ചൊല്ലിക്കൊടുത്തു.

' അതു പറഞ്ഞ മഹര്‍ഷി സ്വല്പം വകതിരിവുള്ളവനാണ് എന്നു തോന്നുന്നു ' അദ്ദേഹം പറഞ്ഞു. ' ഇതൊക്കെ തനിക്കറിയാം. എന്നിട്ടും എന്നോടിങ്ങനെ ഓരോ ദുസ്സാമര്‍ത്ഥ്യം പറയണോ? '

ചെറുകാടിനെപ്പറ്റി ഓര്‍ക്കാന്‍ വളരെയേറെയുണ്ട്. നമുക്ക് പ്രിയപ്പെട്ട ഒരാള്‍ മരിച്ചുകഴിയുമ്പോള്‍, ചിരകാലാനുഭവങ്ങള്‍ ചങ്ങലക്കണ്ണികള്‍ പോലെ മനസ്സിലൂടെ ഓടിപ്പോകുന്നു. ഈ കണ്ണികളാണ് ആ പൊയ്പ്പോയ മനുഷ്യനെ നമ്മുടെ മനസ്സില്‍ പിന്നെ ബന്ധിച്ചു നിര്‍.ത്തുന്നത്.

വളരെയേറെ അത്തരം കണ്ണികള്‍ എന്‍റെ മനസ്സില്‍ ഉള്ളതുകൊണ്ടാണ് എന്നു തോന്നുന്നു, ചെറുകാട് മരിച്ചിട്ടും മരിച്ചുവെന്ന് എനിക്ക് ബോദ്ധ്യപ്പെടാത്തത്. അദ്ദേഹം ഗദ്യത്തിലും പദ്യത്തിലുമായി വളരെ എഴുതി. ' മണ്ണിന്‍റെ മാറില്‍ ' എന്നാണ് അദ്ദേഹത്തിന്‍റെ ഒരു പുസ്തകത്തിന്‍റെ പേര്. പക്ഷെ, എല്ലാ പുസ്തകങ്ങള്‍ക്കും ആ പേരിട്ടാലും ശരിയായിരിക്കും. അത്രയ്ക്കധികം വള്ളുവനാടന്‍ മണ്ണിനോട് ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന്‍റെ കൃതികള്‍.

വാദപ്രതിവാദത്തിലൂടെയാണ് ഞങ്ങള്‍ കൂടിക്കാഴ്ചകള്‍ ഏറിയകൂറും ആഘോഷിച്ചിട്ടുള്ളത്. ചെറുകാടിന് ഒരിക്കലും ശുണ്ഠിവരില്ല; എനിക്ക് ഇടക്കിടക്ക് ശുണ്ഠി വരാതെയുമിരിക്കുകയില്ല. ' നിങ്ങള്‍ വരട്ടു തത്ത്വശാസ്ത്രജ്ഞനാവരുത്. ' ഒരിക്കല്‍ ഞാന്‍ പറഞ്ഞു. ചിരിച്ചുകോണ്ട് അദ്ദേഹം പറഞ്ഞു " താന്‍ എന്നെ കേമനാക്കരുത്. എന്‍റെ ഈ സഞ്ചിയില്‍ മനുഷ്യര്‍ക്കാവശ്യമുള്ള പലതുമുണ്ട്. എന്നാല്‍ അതില്‍ തത്ത്വശാസ്ത്രം ഞാന്‍ വാങ്ങിവച്ചിട്ടില്ല, ഒട്ടും. ഈ സഞ്ചിയിലുള്ള പഞ്ചസാര മധുരിക്കും എന്നറിയാന്‍ എനിക്ക് തത്ത്വശാസ്ത്രം ആവശ്യമില്ല. മനുഷ്യന് സുഖവും സന്തോഷവുമുണ്ടാക്കുന്ന എല്ലാകാര്യവും ഇഷ്ടം; അല്ലാത്തതിനോടൊക്കെ ദേഷ്യമുണ്ടുതാനും.

"

( കടപ്പാട് - ഉറൂബിന്‍റെ ശനിയാഴ്ചകള്‍ എന്ന പുസ്തകത്തില്‍ നിന്ന്. പൂര്‍ണ്ണ പബ്ളിക്കേഷന്‍സ്- ഫസ്റ്റ് എഡിഷന്‍ 1999. ശ്രീ. ഉറുബ് ( പി.സി. കുട്ടിക്കൃഷ്ണന്‍ ) എഴുതിയ ലേഖനത്തില്‍ നിന്ന് )

Saturday, April 19, 2008

രഹസ്യങ്ങള്‍ നിറഞ്ഞ ട്രങ്ക് -കഥ

മയില്‍വാഹനം മോട്ടോര്‍ സര്‍വ്വീസ് പുഴക്കക്കരെ സ്റ്റോപ്പില്‍ വന്ന് നിന്നപ്പോള്‍ കൃഷ്ണന്‍ മൂത്താര് താഴെ ഇറങ്ങി.

കണ്ടവര്‍ കണ്ടവര്‍ അത്ഭുതംകൂറി. നാടുവിട്ടുപോയ കൃഷ്ണന്‍ മൂത്താര് തിരിച്ചു വന്നിരിക്കുന്നു. കാലമേറെയായി അയാളെക്കുറിച്ച് ആര്‍ക്കും യാതൊരു വിവരവുമില്ലായിരുന്നു.

പഞ്ചായത്ത് റോഡിലൂടെ വലിയ ട്രങ്ക് പെട്ടി തൂക്കി കൃഷ്ണന്‍ മൂത്താര് ഗമയില്‍ നടന്നു. സൂട്ടും കോട്ടും തൊപ്പിയും ധരിച്ച മൂത്താര് ഒരു ചുരുട്ടിന് തീ കൊളുത്തി ചുണ്ട്ത്ത് പറ്റിപ്പിടിപ്പിച്ച പുഞ്ചിരിയോടെ വഴിപോക്കരെ വീക്ഷിച്ചു. പരിചയക്കാരോട് കുശലം പറഞ്ഞു.

ഇത്രേം കാലം മൂത്താരെ ങ്ള് എവിട്യാരുന്നൂന്നും ആള്‍ക്കാര്‍ ചോദിച്ചപ്പോള്‍ കൃഷ്ണന്‍ മൂത്താര് തരത്തിനും തഞ്ചത്തിനുമനുസരിച്ച് മറുപടി കൊടുത്തു. മദിരാശിയില്‍, ബോംബെയില്‍, കല്‍ക്കത്തയില്‍ അങ്ങിനെയങ്ങിനെ. ഒന്നും ചോദിക്കാത്തവരോട് ഡല്‍ഹിയില്‍ നിന്നുള്ള വരവാണെന്ന് മൂത്താര് പറഞ്ഞു.

പുഴമണല്‍ നിറഞ്ഞ നടപ്പാതയിലൂടെ തന്‍റെ വീട് ലക് ഷ്യമാക്കി നീങ്ങവേ എതിരെ വന്നിരുന്ന ഗോവിന്ദന്‍ മാഷെ കണ്ട്പ്പോള്‍ കൃഷ്ണന്‍ മൂത്താര് ജാളൃത നടിച്ച് തൊപ്പി കൈയിലെടുത്ത് താണു വണങ്ങി.

'അല്ല, ദാര്, കൃഷ്ണനോ. നീയിപ്പോ എവ്ട്യാഡോ' അജാനബാഹുവും തറവാടിയുമായ ഗോവിന്ദന്‍ മാഷ് ചോദിച്ചു.

'ഇബ്ടൊക്കെണ്ടേയ്' മൂത്താര് പറഞ്ഞു

.

'നെനക്ക് ന്താപ്പോ ജോലി'

'ബിസ്സിനസ്സ് ചെയ്യൃ മാഷേ'

' എന്ത് ബിസിനസ്സാഡോ'

'അല്ലറ ചില്ലറ മൊത്ത വ്യാപാരം.'

'അതെന്താ ങ്നൊരു കച്ചവടം കൃഷ്ണാ. ആട്ടെ ലാഭം എങ്ങ്ന്യാ'

' പഴേതും പുതീതും തമ്മിലുള്ള വ്യത്യാസം ബിസിനസ്സിനേം ബാധിക്കില്ലേ മാഷേ. ലാഭം ഇല്യാന്നല്ല. ജീവിക്കള്ളത് കിട്ടും, അത്രേള്ളു.'

ഗോവിന്ദന്‍ മാഷ് ഊറി ചിരിച്ചു. ' ന്നാല്‍ ശരി, നീയ്യ് അങ്ട് നടക്ക്. കൊറേ കാലായില്യേ വീട്ടിലുള്ളോരെ കണ്ട്ട്ട്. അവരുടെ മനസ്സ് കുളിര്‍ക്കട്ടെ'

കൃഷ്ണന്‍ മൂത്താര്‍ക്ക് പഴയൊരു ചരിത്രമുണ്ട്. ആരേയും കൂസാത്ത പ്രകൃതം. എല്ലാറ്റിലും തലയിടുന്ന സ്വഭാവം. നാടുവിടുമ്പോള്‍ അയാള്‍ക്ക് ഇരുപതോ ഇരുപത്തൊന്നോ വയസ്സ് പ്രായമുണ്ടാകും. അയാള്‍ക്ക് പ്രത്യേകിച്ച് ഒരു തൊഴിലുമുണ്ടായിരുന്നില്ല. തെണ്ടിത്തിരിഞ്ഞു നടക്കുന്ന കാലമായിരുന്നെങ്കിലും കൃഷ്ണന്‍ മൂത്താര്‍ക്ക് ചില ചിട്ടകളും രീതികളുമുണ്ടായിരുന്നു. രാവിലത്തെ ഭക്ഷണം അകത്താക്കി അമ്മയെ തെറി പറഞ്ഞും ഭീഷണിപ്പെടുത്തിയും രണ്ട് രൂപ മടിയില്‍ത്തിരുകും. മൂത്താര് ജംഗ്ഷനിലേക്കിറങ്ങും. കണാരന്‍റെ ചായപ്പീടികയില്‍ ചെന്നിരുന്ന് രാഷ്ട്രീയം, അതിര്‍ത്തിത്തര്‍ക്കം എന്നിവ ചര്‍ച്ച ചെയ്യും. വേണ്ടിവന്നാല്‍ കൈകാര്യം ചെയ്യാനും മൂത്താര്‍ക്ക് മടിയില്ല. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരില്‍ 'ഉന്നത' വിദ്യാഭ്യാസം നേടിയിട്ടുള്ളത് കൃഷ്ണന്‍ മൂത്താര് മാത്രമായിരുന്നു. ഏഴില്‍ തോറ്റ് തുന്നാരം പാടിമടുത്ത് പഠിപ്പ് നിര്‍ത്തിയ മൂത്താര് ചായ പീടിക സംഘത്തിന്‍റെ മേലാളനും പ്രധാന പ്രാസംഗികനുമായിരുന്നു. പത്രവായനയും പരദൂഷണവും മൂത്താരുടെ ഇഷ്ടപ്പെട്ട വിനോദമായിരുന്നതിനാല്‍ കണാരന്‍റെ പ്രീതിയും കൂട്ടത്തില്‍ ഓസി ചായയും തരമാക്കാന്‍ അയാള്‍ക്ക് വിഷമമുണ്ടായില്ല.

അങ്ങിനെയൊരുനാള്‍ പൊടുന്നനെ ചര്‍ച്ച വഴക്കായി വാക്കേറ്റമായി അടിപിടിയായി, മൂത്താര് ചെറുമന്‍ ചാമിയെ തല്ലി, പൊതിരെ തല്ലി ദേഷ്യം തീര്‍ത്തു. ചാമിയും വിട്ട പുള്ളിയായിരുന്നില്ല. ചാമി രാഷ്ടീയക്കാരെക്കണ്ട് പരാതി ബോധിപ്പിച്ചു. സാക്ഷിയായി മൊഴികൊടുക്കാന്‍ കുഞ്ഞനന്തനാരും ചെന്നിരുന്നു.

ഹരിജനമര്‍ദ്ദനത്തിന്‍റെ പേരില്‍ രാഷ്ട്രീയക്കോടി ആഞ്ഞു ചുഴറ്റിയപ്പോള്‍ കൃഷ്ണന്‍ മൂത്താര് അന്തം വിട്ട് നില്‍ക്കക്കള്ളിയില്ലാതെ നാടുവിട്ടു

.

ആ കഴിഞ്ഞ കഥ നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആര് ഓര്‍ക്കാന്‍? മെയിന്‍ കഥാപാത്രം ചാമി മരിച്ചിട്ട് വര്‍ഷം രണ്ടായി. സൈഡ്റോളുള്ള കുഞ്ഞനന്തനാര് വാതം പിടിപിട്ട് കലശലായി കട്ടിലില്‍ ചുരുണ്ട് കൂടിയിട്ട് കൊല്ലം നാല് കഴിഞ്ഞു.

പുതിയ വാര്‍ത്തകളൊന്നും അറിയാതെ കൃഷ്ണന്‍ മൂത്താര് വീട്ടിലെത്തി. അത്ഭുതപരതന്ത്രരായ വീട്ടുകാര്‍ മൂത്താരെ അടിമുടി നോക്കി. അമ്മയുടെ കണ്ണീര്‍ സന്തോഷത്തിന്‍റെ അടയാളമായി മൂത്താര് കണക്കാക്കി. മര്വോന്‍ ചെക്കന്‍ മൂത്താരുടെ ട്രങ്ക് പെട്ടിയില്‍ കയറി പിടിച്ചു. കൃഷ്ണന്‍ മൂത്താര് ചെക്കനെ കുനിഞ്ഞ് ഉമ്മവെച്ചു. നെനക്കുള്ളത് പിന്നെത്തരാം എന്ന് പറഞ്ഞ് അവനെ ആശ്വസിപ്പിച്ചു.

മൂത്താരുടെ വീട്ടില്‍ ആകെ ബഹള മയം. അരക്കുന്നു, പിടിക്കുന്നു, ആട്ടുന്നു, കുത്തുന്നു, എല്ലാം പൊടി പൊടിക്കുന്നുണ്ട്. മൂത്താര്‍ക്ക് വേണ്ടി സ്പെഷ്യല്‍ സാധനങ്ങള്‍ പെങ്ങന്മാരും മര്വോക്കളും ചേര്‍ന്ന് പരസ്പരം മത്സരിച്ചും ഉത്സാഹിച്ചും ഒരുക്കുകയാണ്. കൃഷ്ണന്‍ മൂത്താര് എല്ലാറ്റില്‍ നിന്നും അകന്ന് നേരിയ മന്ദഹാസത്തോടെ ഏകാഗ്രചിത്തനായി ഉച്ചകോലായില്‍ ചടഞ്ഞിരുന്ന് ചുരുട്ടുകള്‍ വലിച്ചു തള്ളി.

ദിനങ്ങള്‍ പലത് കൊഴിഞ്ഞു. മൂത്താര് രാവിലെയായാല്‍ പുതിയ സൂട്ടും കോട്ടും തൊപ്പിയും അണിഞ്ഞ് പഴയ ഓര്‍മ്മകള്‍ പുതുക്കാനെന്നോണം പുറത്തേക്കിറങ്ങും. കൃഷ്ണന്‍ മൂത്താര് വെളിയിലേക്കിറങ്ങിയ തക്കം നോക്കി മര്വോന്‍ ചെക്കന്‍ മൂത്താരുടെ അമ്മയോട് പറഞ്ഞു 'നിക്ക് കൃഷ്ണമ്മാന്‍ തരാംന്ന് പറഞ്ഞ സാധനം ഇനീം തന്നില്യ. മുത്തശ്ശി ആ പെട്ട്യൊന്ന് നോക്കൂ'

ചെക്കന്‍ പറഞ്ഞതില്‍ സ്വല്പം കാര്യമുണ്ടെന്ന് മൂത്താരുടെ അമ്മക്ക് തോന്നി. ഇതുവരെയായി മൂത്താര് ആര്‍ക്കും ഒരു സാധനവും കൊടുത്തിട്ടില്ല.

ഇത്രേം വല്യേ ട്രങ്ക് പെട്ടീല് ഒന്നും ഇല്യാതെ വര്വോ - തള്ള ചിന്തിച്ചു. അവര്‍ മൂത്താരുടെ പെട്ടി തുറന്ന് നോക്കാന്‍ തീരുമാനിച്ചു.

പെട്ടി പൂട്ടിയിരിക്കുന്നത് കണ്ട് തള്ള നിരാശയായി നിലത്ത് കുനിഞ്ഞിരുന്ന് താടിക്ക് കൈയ്യും കൊടുത്ത് മൂത്താരെ അരിശത്തോടെ പുലഭ്യം പറ്ഞ്ഞു.

' അവനും അവന്‍റെയൊരു ട്രങ്ക് പെട്ടീം. ഇനീല്യ ങ്നൊരു ഗോസായിക്കാരന്‍. ഫ് ഫാ....... അവസാനം ഒരു ആട്ടു കൊടുക്കാന്‍ തള്ള മറന്നില്ല.

മരുമകന്‍ ചെക്കന്‍ അതിസൂത്രശാലിയായിരുന്നു. അവന്‍ ഓടിപ്പോയി ഒരു കുടക്കമ്പി കൊണ്ടുവന്ന് താക്കോല്‍ ദ്വാരത്തിലൂടെ കടത്തി തിരിക്കും മറിക്കും ചെയ്തപ്പോള്‍ ട്രങ്ക് പെട്ടി തുറന്നു. അവന്‍ സന്തോഷാധിക്യത്താല്‍ വായില്‍ വിരലിട്ട് രണ്ട് വിസില്‍ അടിച്ചു.

ട്രങ്ക് പെട്ടി മലര്‍ക്കെ തുറന്നു. മുകളില്‍ അടുക്കിവെച്ചിരുന്ന കോട്ടുകളും സൂട്ടുകളും എടുത്ത് നീക്കിയപ്പോള്‍ കുറെ ചില്ലിട്ട ഫോട്ടോകളും ഒരു വലിയ ആല്‍ബവും ഇരിക്കുന്നു. കൃഷ്ണന്‍ മൂത്താരുടേയും വേറെ പലരുടേയും വിവിധ പോസുകളിലുള്ള ഫോട്ടോകളായിരുന്നു അത്. തള്ളക്കും ചെക്കനും അതിലൊന്നും അത്ര കമ്പം തോന്നിയില്ല. ചില്ലിട്ട ഫോട്ടകളും ആല്‍ബവും മാറ്റിയപ്പോള്‍ ട്രങ്ക് പെട്ടി ശൂന്യം.

അതെ, അങ്ങിനെത്തന്നെയാണ് പറയേണ്ടത് - അവശേഷിച്ചിരുന്നത് നാലഞ്ച് കാലിടിന്നുകളും മൂന്നോ നാലോ അടപ്പില്ലാത്ത പഴകിയ ഹോര്‍ലിക്സ് കുപ്പികളും പിന്നെ വലിയൊരു താക്കോല്‍ ശേഖരവും മാത്രമായിരുന്നു..............

എം.ടി. യുടെ കഥകള്‍

എം.ടീ. വാസുദേവന്‍ നായര്‍ മലയാളീയുടെ അഭിമാനമാണ്. ഒരു കള്‍ട്ഫിഗര്‍. സ്നേഹത്തിന്‍റെ മാനുഷികതയുടെ ഓടക്കുഴല്‍ നാദമുയര്‍ത്തുന്ന സ്നേഹഗായകന്‍. ഗ്രാമവിശുദ്ധിയുടെ പ്രവാചകന്‍. നഗരകാപട്യത്തിന്‍റെ ഇരുട്ടിലും ശാലീനതയുടെ പ്രകാശം പരത്തിയ അപൂര്‍വ പ്രതിഭ.

ആമുഖമായി പാബ്ളോ നെരുദയെ എം.ടി. ഉദ്ധരിക്കുന്നുണ്ട്.

Come on, love poem, get up from among the broken glass,

the time to sing has come

Help me, love poem, to make things whole again, to sing inspite of pain.

It"s true that the world does not cleanse itself of wars, does not wash off the blood, does not get over its hate. it"s true

Yet it is equally true that we are moving toward a realization; the violent ones are reflected in the mirror of the world, and their faces are not pleased to look at, not even to themselves

കഥയുടെ പെരുന്തച്ചനില്‍ന്ന് മലയാളിക്ക് കിട്ടിയ മറ്റൊരു മുത്ത് - ഷെര്‍ലക്ക് കഥാ സമാഹാരം. വെറും നാലു കഥകള്‍ - ഷെര്‍ലക്ക്; ശിലാലിഖിതം; കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്; കല്പ്പാന്തം. ഈ കഥകളിലൊക്കെത്തന്നെ നഗരം പ്രത്യക്ഷത്തില്‍ മനുഷ്യന്‍റെ അന്തകനായി നില്ക്കുന്നു.

ചിലപ്പോള്‍ ഈ കഥകളില്‍ എം.ടി. പറഞുപോയ കാര്യങള്‍ മറ്റു പലരും പ്രതിപാദ്യമാക്കിയിരിക്കാം. പക്ഷെ എം.ടി. യുടെ വാക്കുകള്‍ വായനക്കാരെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. ജീവിതം വെട്ടിപ്പിടിക്കാനിറങുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് നമ്മെത്തന്നെയണ്. മാനുഷിക മൂല്യങള്‍ക്ക് അവിടെ സ്ത്ഥാനമില്ല. എല്ലാറ്റിനുമുപരി സ്വാര്‍ത്ഥം ജയിക്കുന്നു. നഗരത്തിന്‍റെ ആര്‍ഭാടങള്‍ മനുഷന് മറ്റൊരു മുഖം നല്കുന്നു. നിന്ദയുടെ, അവജ്ഞയുടെ, അല്പ്പത്തത്തിന്‍റെ....... ഇതിനു മുകളില്‍ കുട പിടിക്കുന്ന മനുഷ്യന്‍ മറ്റൊന്നും കാണുന്നില്ല - സ്വന്തം നിലനില്പ്പല്ലാതെ....... എം.ടി. ഇതിന് അടിവര ഇടുന്നു ഈ കഥകളില്‍.


ഈ കഥാസമാഹാരത്തിലെ ആദ്യ കഥയായഷെര്‍ലക്ക്. ഇതിലെ പ്രധാന കഥാപാത്രംതന്നെ പൂച്ചയാണ്. കഥ നടക്കുന്നത് അമേരിക്കയില്‍. ബാലു ചേച്ചിയെ കാണാന്‍ അമേരിക്കയില്‍ എത്തുന്നു. ഇംഗ്ലീഷ് ലിറ്റ്റേച്ച്റില്‍ എം.എ. ജേര്‍ണ്ണലിസ്ത്തില്‍ ഡിപ്ലൊമയുള്ള ഹൈലി ക്വാളിഫയിഡ് ആയ ബാലു എവിടെയുമെത്തുന്നില്ല. എം.ടി. യുടെ വാക്കുകള്‍ " ദൈവവും ഞാനും തമ്മിലുള്ള ഇടപാടുകളില്‍ എവിടെയൊക്കെയൊ പിഴവു പറ്റി."


പക്ഷെ അയാളുടെ ചേച്ചി അങനെ ആയിരുന്നില്ല. തികച്ചും മെറ്റീരിലിസ്റ്റിക്. ആദ്യത്തെ ഭര്‍ത്താവുമായി അവര്‍ വേര്‍ പിരിഞു. ബാലുവിന്‍റെ കുമാരേട്ടനെ. " ഞാന്‍ ഗ്രീന്‍ കാര്‍ഡ് ശരിയാക്കമെന്ന് പറഞതാണ്. ഫോര്‍ യുര്‍ കുമാരേട്ടന്‍! യൂ നോ ദാറ്റ്. " കുമാരേട്ടന്‍ അതിനൊന്നും നിന്നില്ല. അയാള്‍ക്ക് അമേരിക്കയിലെ വീട്ടു തടങ്കല്‍ അത്ര വെറുപ്പുള്ളതായിരുന്നു. കുമാരേട്ടന്‍ നാട്ടിലേക്കു തിരിച്ചു പോയി. വേറൊരു വിവാഹം കഴിച്ചു. സസുഖം ജീവിക്കുന്നു.


ബാലുവിന്‍റെ ചേച്ചിക്ക് ശാന്തിയും സമാധാനവും കിട്ടിയോ? അമേരിക്കന്‍ ഉപഭോഗ സംസ്കാരത്തിന്‍റെ അടിമയായി, മന:സമാധാനത്തിന് രാത്രിയില്‍ വൈന്‍ കുടിക്കുന്നു. കൂട്ടിനു ഷെരലക്ക് ഹോംസ് ഷിന്ഡെ എന്ന പൂച്ചയും.


ജീവിതം തന്നെ ഒരു അപസര്‍പ്പക കഥയാകുന്നു ചിലര്‍ക്ക്. എന്‍ജീനീയറായ ജയന്ത് ഷിന്‍ഡെ, ബാലുവിന്‍റെ ചേച്ചിയുടെ രണ്ടാം ഭര്‍ത്താവ്, കുഞുങള്‍ക്കു പകരം പൂച്ചയെ എടുത്തു വളര്‍ത്തുന്നു. പൂച്ചയുടെ നഖങള്‍ ഓപ്റേറ്റ് ചെയ്ത് മാറ്റുന്നു. അല്ലെങ്കില്‍ പൂച്ചയുടെ നഖം തട്ടി വിലപിടിപ്പുള്ള ഫര്‍ണിച്ചറുകള്‍ കേടാവുമത്രെ. അമേരിക്കക്കാര്‍ക്ക് എല്ലാം ഒരു വിനോദമാണ്. എതിര്‍ക്കാനുള്ള ആയുധമത്രയും നശിപ്പിക്കുക. ആയിക്കോട്ടെ. മനുഷ്യ നൃശംതയുടെ മറ്റൊരു മുഖം.


മദ്യപിക്കാത്ത ജയന്ത് ഷിന്ദെ മദ്യക്കുപ്പികള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതും അമേരിക്കന്‍ നാഗരിഗതയുടെ മറ്റൊരു വിനോദം. ഇവിടെ ഏം.ടി. യുടെ നര്‍മ്മം നഗര കാപട്യത്തിനു നേരെ കലഹിക്കുന്നു.


മാര്‍‍ജ്ജാര ദു:ഖവും ബാലുവിന്‍റെ ദു:ഖവും ഒന്നാകുന്നതും മദ്യത്തിലൂടെത്തന്നെ. ഒരു സ്വയം നഷ്ടപ്പെടല്‍. ബാലുവിന്‍റെ ചേച്ചിയും അതു തന്നെ യാണല്ലൊ ചയ്യുന്നത്, ഒറ്റപ്പെടലിന്‍റെ വ്യഥയകറ്റാന്‍.


സ്വബോധം നഷ്ടപ്പെടുന്നവര്‍ക്ക് കാപട്യത്തിന്‍റെ ആവശ്യമില്ല, അല്പ നേരത്തെക്കെങ്കിലും. അപ്പോള്‍ മാത്രമാണ് മന്ഷ്യനും മൃഗവും സ്വത്വം നഷ്ടപ്പെടാത്തവരാവുന്നതും.


എം.ടി. യുടെ വാക്കുകള്‍ " അപ്പോഴാണ് ഒരു നടുക്കത്തോടെ കാണുന്നത്, ഷെര്‍ലക്കിന്‍റെ കാലുകള്‍ നാലിലും നീണ്ട കൂര്‍ത്ത നഖങള്‍." കാപട്യവും ക്രൂരതയുമൊക്കെത്തന്നെ എത്ര കണ്ട് മൂടിവെക്കാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ അത് മുഖം മൂടി അഴിച്ച് പുറത്ത് ചാടുന്നു - മനുഷ്യനായാലും മൃഗമായാലും.


നഗരം ഒരു പ്രധാന വില്ലനായി ഈ കഥാസമാഹരത്തിലുടനീളം പ്രത്യക്ഷപ്പെടുമ്പോലെ ഒറ്റപ്പെടുന്ന വ്യക്തികളുടെ വ്യഥയും നമുക്ക് അനുഭവേദ്യമാകുന്നു ഓരോ കഥകളിലും.


ഒറ്റപ്പെടുന്ന വ്യക്തികളുടെ ഭാവപ്പകര്‍ച്ച ഒരുതരത്തില്‍ പറഞ്ഞാല്‍ ഉന്മാദത്തിന്‍റെ‍‍താണ്. അത് പലവേഷങ്ങള്‍ എടുത്ത് അണിയുന്ന് എന്ന് മാത്രം - പണത്തിന്‍റെ, സ്ഥാന മാനങ്ങളുടെ, ആത്മഹത്യയുടെ, ഭ്രാന്തിന്‍റെ- ഇതില്‍ ഏത് വേഷമാണ് ഒരു വ്യക്തി ആടുന്നത് എന്നതിനനുസരിച്ച് ഇരിക്കുന്നു സമൂഹത്തില്‍ ആ വ്യക്തിയുടെ ജയ പരാജയങ്ങള്‍. നമ്മള്‍ പറയുന്ന പോസിറ്റീവ്/നെഗെറ്റീവ് അപ്രോച്ച്. അവിടെ മാനുഷിക മൂല്യങ്ള്‍ക്ക് വിലയില്ല.


ശിലാലിഖിതത്തിലെ ഗോപാലന്‍കുട്ടി ചരിത്ര ഗവേഷണത്തില്‍ ഡോക്ട്രേറ്റ് എടുത്ത ആളാണ്. അതിനപ്പുറം അയാള്‍ക്ക് ഒരു ലോകമില്ല. വിദ്യാസ്മ്പന്നരായ മനുഷ്യരിലൂടെ ദയാരാഹിത്യത്തിന്‍റെ വൃത്തികെട്ട മുഖം എം.ടി. നമുക്ക് കാണിച്ചു തരുന്നു.


വിഷം കഴിച്ച് ആത്മഹത്യ ചയ്യുന്ന പത്മാവതി, മരണത്തോടു മല്ലിടുമ്പോഴും നിസ്സംഗരായി അവളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ നിന്ദിച്ചും പഴി പറഞും പിഴച്ചവള്‍ക്ക് കിട്ടേണ്ട വിധിയെഴുത്തായി സമൂഹം അതിനെ കാണുന്നു.


ഒരു സമൂഹം മുഴുവന്‍ കാട്ടാള സ്വഭാവം പ്രകടിപ്പിക്കുന്നത് എന്തു കൊണ്ട് എന്നതിനുത്തരം അതായിരിക്കാം ഒരുപക്ഷെ ഇന്നിന്‍റെ ലോക നീതി എന്നതു മാത്രമായിരിക്കും. അവിടെ ഒരു വ്യക്തിയല്ല, ആള്‍ക്കൂട്ടമാണ് തെറ്റും ശരിയും നിശ്ചയിക്കുന്നത്.


കുറെച്ചെങ്കിലും മനുഷ്യ പറ്റുള്ള ഗോപലന്‍ കുട്ടിയുടെ അമ്മ പറയുന്നു - " മാഷേ, മാഷ് കൊറച്ച് വൈദ്യം അറീണ ആളല്ലേ? എന്താ ആ പെണ്ണ് അരച്ച് കലക്കി കഴിച്ചത്ന്ന് അറിയില്ലല്ലോ"


"മാള്വൊമ്മെ, ഇതിനൊക്കെ ഡോക്ട്ര്‍മാര്ടെ അടുത്ത് കൊണ്ടോവണം. ഛര്‍ദ്ദിപ്പിക്കാന്‍ അവര്ടെ കൈയില് മരുന്ന്.ണ്ട് ഇല്ലെങ്കില്‍ അവര് ഇനിമ കടുക്കും. ചെയ്യണ്ട്ത് അതാണ്."


"മാളോട്ത്തി, മിണ്ടാതെ ഒരു ഭാഗത്തിരിക്യാ നല്ലത്. ഓരോന്നിന്‍റെ മണ്ടേല് വര മാറ്റാന്‍ പറ്റോ? ഇതേയ്, ഇതില് പെട്ടാല്‍......"രാഘവമ്മാമ സ്വരം ഒന്ന് താഴ്ത്തി " പോസ്റ്റുമാര്‍ട്ടം, പോലിസ് വന്ന് .......എന്താ അതിന് പറയൃ? ആ ഇന്‍ക്വെസ്റ്റ്. ഇതിനൊക്കെ വേറെ ചില വകുപ്പാണ്, അറിയ്യോ?"


പത്മാവതിയുടെ ബന്ധുക്കള്‍ കൂടിയായ ഗോപലന്‍ കുട്ടിയും രാഘവന്‍മ്മാമയും മുഖം തിരിച്ച് സ്വയം രക്ഷനോക്കുമ്പോള്‍ മനുഷ്യന് ഇത്രത്തോളം ക്രുനാവാന്‍ എങനെ കഴിയുന്നു എന്നും ചിന്തിച്ചു പോവുന്നു.


നാരായണിയും മക്കളും ( പത്മാവതിയും അവളുടെ അനിയത്തിയും ) പിഴച്ചവരാണ്. വിശപ്പിന്‍റെ വിളിയകറ്റാന്‍ വ്യഭിചാരം എന്ന കുറ്റം അവര്‍ ചെയ്യുന്നതു തന്നെ സമൂഹത്തിന്‍റെ കൊള്ളരുതായ്മ കൊണ്ട് മാത്രമാണ്. സ്നേഹശൂന്യമായ പെരുമാറ്റം പലരേയും വഴി പിഴച്ച സന്തതികളാക്കുന്നു എന്നത് മറ്റൊരു സത്യം.


"മറ്റോള്‍ടെ വിവരം വല്ലതും കേട്ട്വോ രാഘവാ? രണ്ടാമത്തോള്‍ടെ?"

"ആരാ അന്വേഷിക്കണ്? നമ്മടെ കൊട്ടിലിലെ നാണ്വെമ്മടെ മകന്‍ കുഞ്ഞുണ്ണി ആലോചിച്ചതല്ലെ? അസ്സലായി അദ്ധാനിക്കണ ചെക്കന്‍....... അപ്പളല്ലേ ഒരുമ്പോട്ടള്‍ക്ക് താറാവുകാരന്‍ നസ്രാണീടെ കൂടെ ചാടിപ്പോവാന്‍ തോന്നീത്...... എവിടെങ്കിലും ചെന്ന് തൊലയട്ടെ"


"കാര്യം നമ്മുടെ ഒരു കാരണോര്ടെ മക്കളും കുട്ട്യോളും ആണ്. പറഞ്ഞിട്ടെന്താ?"

രഘവമ്മാമ ഒരു സ്വകാര്യം പോലെ ഗോപാലന്‍ കുട്ടിയോട് പറഞ്ഞു " സ്വഭാവ ഗുണം നന്നല്ല. തള്ളേ കണ്ടിട്ടല്ലേ മക്കള് പഠിക്യാ"ഇത് ഗോപാലന്‍ കുട്ടിയും ശരിവെയ്ക്കുന്നുണ്ട് അയാളുടെ പഴയ ഓര്‍മ്മകളിലൂടെ - നാരയണി വൈകുന്നേരം മേല്‍ കഴുകി വന്നാല്‍ തെക്കേ മുറ്റം അടിക്കുന്ന പതിവുണ്ട്....... കുനിഞ് അടിച്ചു വാരുമ്പോള്‍ നനവു വറ്റാത്ത മുടിയുടെ ചുരുട്ടിക്കെട്ടിയ അറ്റം നിലത്തു മുട്ടുമെന്ന് തോന്നും. തിണ്ണയിലിരുന്ന് നോക്കും. ചതുരക്കഴുത്തുള്ള ബ്ളൌസിന്‍റെ വിടവിലൂടെ, വെള്ളരിപൂക്കള്‍ പോലെ...."


"കള്ളാ, നീയെന്താടാ നോക്കിയിരിക്കണ് " ഒരിക്കല്‍ നാരായണി കള്ളക്കണ്ണ് കണ്ട് പിടിച്ചു. അപ്പോള്‍ നാണം കൊണ്ട് ചുളുങ്ങി...... നാരായണി ചിരിച്ചും കൊണ്ട് തിരിച്ചു പോവുമ്പോള്‍ താടിയില്‍ രണ്ടുവിരല്‍ കൊണ്ട് പിടിച്ച് ഒന്നാട്ടി പതുക്കെ പറഞ്ഞു - സാരല്യടാ, ആങ്കുട്യോളായാല്‍ ഇത്തിരി തോന്ന്യാസൊക്കെ അറിയണ്ടെ. "


"ചുട്ട പുളിങ്കുരു ഒളിപ്പിച്ചുവെച്ചത് തിരയാന്‍ ട്രൌസറിന്‍റെ പോക്കറ്റില്‍ കൈയ്യിട്ട് തിരുപ്പിടിപ്പിച്ച് നാണിപ്പിച്ചത് ഏഴില്‍ പഠിക്കുമ്പോഴാണ്"കൌമാരത്തിന്‍റെ ചാപല്യങ്ങള്‍ മനോഹരമായ ഒരു രേഖാചിത്രം പോലെ വരച്ചിടുന്നു എം.ടി ഈ വരികളിലൂടെയത്രയും.ഗോപാലന്‍ കുട്ടി ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അയാളുടേത് ഒരു ഏഴാം ക്ളാസില്‍ പഠിക്കുന്ന കുട്ടിയുടെ അറിവില്ലായ്മ്യുടേതാണ്. അയാളേക്കാള്‍ നാലു വയസ്സ് മാത്രം മൂപ്പുള്ള നാരായണിയുടേത് സ്വാഭാവ ദൂഷ്യവും.


ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. വിദ്യാഭ്യാസവും സെര്‍ട്ടിഫിക്കറ്റുകളും ജീവിതത്തില്‍ എലൈറ്റ് ഗ്രൂപ്പിലെത്താനുള്ള ഒരു ഏണി മാത്രമാണ്. അവര്‍ക്ക് മറ്റുള്ളവരുടെ നിസ്സഹായത മനസ്സിലാക്കാനുള്ള തിരിച്ചറിവ് ഇല്ലെന്നു തന്നെ പറയാം - സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറം അവര്‍ക്കൊരു ലോകമില്ല.


അതുകൊണ്ടാണല്ലോ തറവാട് വില്‍ക്കാന്‍ അമ്മയെ നിര്‍ബന്ധിക്കുന്നതും, ആ തുകയെടുത്ത് നഗരത്തില്‍ അയാള്‍ പണിയുന്ന വീടിന്‍റെ ചെലവുകള്‍ക്ക് ഉപയോഗിക്കാന്‍ ഗോപാലന്‍ കുട്ടി പ്രേരിതനാവുന്നതും. " നഗരത്തില്‍ കണ്ണായ സ്ഥലത്ത് വക്കീല്‍ മകള്‍ക്ക് പതിനഞ്ച് സെന്‍റ് നീക്കിവച്ചിരിക്കുന്നു. അവിടെ സെന്‍റിന് ഇപ്പോള്‍ മുപ്പതിനായിരം വിലയുണ്ട്. ഫിക്സെഡ് ഡെപ്പോസിറ്റും പ്രൊവിഡ്ന്‍റ് ഫണ്ടില്‍നിന്നുള്ള കടവും ചേര്‍ന്നാല്‍ ഒന്നരലക്ഷമേ ആവൂ. എന്‍ജീനീയര്‍ കണക്കുകൂട്ടിയത് മൂന്ന്. അവര്‍ മൂന്നു പറഞ്ഞാല്‍ ചെയ്ത് വരുമ്പോള്‍ നാല്." ഇക്കൂട്ടര്‍ക്ക് ജീവിതം തന്നെ കണക്ക് കൊണ്ട് ഒരു കളിയാകുന്നു. ഇത്തരക്കാര്‍ സമൂഹത്തിലെ ഇത്തിള്‍ക്കണ്ണികളാവുന്നതും ഈ കണക്ക് കൊണ്ടുള്ള പകിട കളി കോണ്ടുതന്നെ.


രഘവമ്മാമയും ഈ ജനുസ്സില്‍പ്പെട്ടതു തന്നെ. മാദ്ധ്യസ്ഥം വഹിച്ച് ഇരു പക്ഷത്ത് നിന്നും പ്രതിഫലം പറ്റുന്ന രാഘവമ്മാമ, നഗരം ഗ്രാമത്തിലേക്ക് എങ്ങനെ കടന്ന് കയറുന്നു എന്നുകൂടി എം.ടി നമുക്ക് കാണിച്ച് തരുന്നു.


മകളുടെ ബി.എഡ്. അഡ്മിഷനുവേണ്ടി ഗോപാലന്‍ കുട്ടിയോട് പറയുന്നുണ്ട് രാഘവമ്മാമ. " ഞാനങ്ട്ട് വരണമെന്ന് വിചാരിച്ചതാ ഗോപേ, ഭാര്‍ഗ്ഗവിക്കുട്ട്യേ എവിടെയെങ്കിലും ഒന്ന് ബി.എഡിന് എടുപ്പിക്കണല്ലോ ഗോപേ."

"ജൂണില് നോക്കാം."

"പതിനെട്ട്, ഇരുപത് ഒക്കെ കൊടുക്കണ്ടിവരുംന്നാ അന്വെഷിച്ചപ്പോള്‍ അറിഞ്ഞത്. കൊടുക്കാം. അതിനും നല്ല ശുപാര്‍ശ വേണ്ടിവരുംന്നാ കേള്‍ക്കണ്. നമ്മളാരേയാ പിടിക്കണ്ട്."

"ഞാനന്വേഷിക്കാം"..............

"ഗോപേ, പണത്തിന്‍റെ കാര്യത്തില് തര്‍ക്കിക്കണ്ട. രണ്ടു കൊല്ലം കഴിഞ്ഞാല്‍ തൃത്താല സ്കൂളില് ഒരു വേക്കന്‍സി വര്ണ്ട്."


ഇങ്ങനെയാണ് മേല്‍ത്തട്ടിലുള്ളവരുടെ ചിന്ത. കാര്യം എങ്ങിനെയും സാധിച്ചെടുക്കുക. കൈക്കൂലി ഇവരുടെ കണ്ണില്‍ അത്ര മഹാപാപമൊന്നുമല്ല. അതിലൊന്നും ആര്‍ക്കും യാതൊരു പാകപ്പിഴയും കാണാന്‍ സാധിക്കുന്നുമില്ല. മേല്‍ത്തട്ടിലുള്ളവര്‍ താന്തോന്നിത്തം കാണിച്ചാലും അവരുടെ പണം അവരെ മാന്യരാക്കുന്നു.


പക്ഷെ, അങ്ങനെയാണോ നാരായണിയെപ്പോലുള്ളവര്‍. അവള്‍ താഴെത്തട്ടുകാരിയാണ്. ഒരു നേരത്തെ അന്നത്തിന്‍റെ വിലയായി അവള്‍ക്ക് കൊടുക്കേണ്ടി വരുന്നത് അവളുടെ ജീവിതം തന്നെയാണ്. പാങ്ങില്ലാത്തവര്‍ മറ്റെന്ത് ചെയ്യാന്‍.


സമൂഹത്തിന്‍റെ കണ്ണില്‍ നാരായണിയുടെ പ്രവൃത്തികള്‍ മ്ളേഛമാകുന്നത് ഇതും കൊണ്ട് കൂടിയാണ്. പണമില്ലാത് തന്നെ പ്രധാന കാരണം. പണമുണ്ടെങ്കില്‍ ഈ സമൂഹത്തില്‍ ഏത് ദുഷ്പ്രവൃത്തിയും ആവാം എന്ന് ചുരുക്കം.

കഥയുടെ കുലപതിയായ എം.ടി. വരികളിലും വാക്കുകളിലും ഒളിപ്പിച്ചുവെക്കുന്ന മൌനം പ്രത്യേകം ശ്രദ്ധേയമാണ്. പറഞ്ഞ വാക്കുകളേക്കാള്‍ പറയാതെ വെക്കുന്ന കാര്യങ്ങള്‍ ചികഞ്ഞെടുക്കേണ്ടത് വായനക്കാര്‍ക്ക് വിട്ടുകൊടുക്കുന്നു എം.ടി

രാഘവമ്മാമ സംഭാഷണത്തിനിടയില്‍ തൃത്താലയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഒരു സാധാരണ സംഭാഷണം എന്നതിലുപരി ആദ്യ വായനയില്‍ ഇവിടെ മറ്റൊന്നും തോന്നാനിടയുമില്ല.

ആഴത്തില്‍ വായിക്കുമ്പോള്‍ നമ്മള്‍ അറിയുന്നു, തൃത്താല എന്ന സ്ഥലം വേദഭൂമിയാണ്, പറയിപെറ്റ പന്തീരുകുലത്തിന്‍റെ മാഹാത്മ്യം വിളിച്ചോതുന്ന പുണ്യഭൂമിയാണ്.നിസ്വാര്‍ത്ഥരായ പന്തീരുകുലക്കാര്‍ മനുഷ്യ ജന്‍മമെടുത്ത ദൈവജ്ഞരായിരുന്നു. ഇത് മലയാളക്കരയുടെ പഴം പെരുമ.

അത്രത്തോളമൊന്നും നമുക്ക് ഉയരാന്‍ സാധിച്ചെന്ന് വരില്ല. മനുഷ്യ ജന്‍മം സാര്‍ത്ഥകമാകണമെങ്കില്‍ ചില ത്യാഗങ്ങളൊക്കെ നമുക്ക് ചെയ്യാന്‍ കഴിയണം. ദൈവജ്ഞരായില്ലെങ്കിലും മനുഷ്യരാവുക എന്ന സന്ദേശമാണ് എം.ടി തരുന്നത്.

വിവേക പൂര്‍ണ്ണമായ പെരുമാറ്റം മനുഷ്യന് മാത്രം കഴിയുന്ന ഒന്നാണ്. മനുഷ്യ നന്‍മകള്‍ ക്ഷയിക്കുമ്പോള്‍ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ അനിവാര്യമാകുന്നു.

ഇങ്ങനെ എത്ര വേണമെങ്കിലും എം.ടി. യുടെ കഥകളില്‍ നിന്ന് നമുക്ക് വ്യവച്ഛേദിച്ചെടുക്കാന്‍ കഴിയും. മാത്രവുമല്ല, എം.ടി. എഴുതുന്ന വാക്കുകളുടെ മൂര്‍ച്ഛ എത്രത്തോളമെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. മനസ്സിനെ അലോസരപ്പെടുത്തുന്ന വാക്കുകള്‍. മരണവുമായി മല്ലിടുന്ന മകളോടുള്ള നാരായണിയുടെ പ്രതികരണം നോക്കുക. ' തീരുന്നെങ്കില്‍ തീരട്ടെ'

ആദ്യം നമുക്ക് തോന്നും പെറ്റ തള്ളക്ക് ഇങ്ങനെ പറയാന്‍ കഴിയുമോ? ഒരമ്മക്കും ഇങ്ങനെ പറയാന്‍ പറ്റില്ലെന്ന് നമുക്കൊക്കെ അറിയാം. പെറ്റ വയറെ പതക്കൂ എന്നൊന്നില്ലേ.

പിന്നെ നാരായണി എന്തുകൊണ്ട് ഇത്തരത്തില്‍ പ്രതികരിച്ചു എന്ന് നാം ആലോചിക്കേണ്ടതാണ്

സമൂഹത്തിനൊന്നടങ്കമുള്ള നാരായണിയുടെ പുച്ഛമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. സഹതപിക്കുവാന്‍ എത്തുന്നവരോട് അത് വേണ്ട എന്നു തന്നെയാണ് നാരായണി ഉറക്കെ പറയാന്‍ ശ്രമിക്കുന്നതും.

Thursday, April 17, 2008

രക്ഷിതാക്കളറിയാന്‍

കുട്ടികള്‍ വീടിനു പുറത്തായിരിക്കുമ്പോള്‍ സ്വയം സുരക്ഷ ഉറപ്പാക്കാന്‍ അവരെ പഠിപ്പിച്ചിരിക്കണം. അപകടങ്ങളെക്കുറിച്ച് അവര്‍്ക്ക് മതിയായ ധാരണ നല്കാന്‍ മാതാപിതാക്കള്‍

ശ്രദ്ധിക്കണം.

വീട്ടിലെ ഫോണ്‍ നമ്പര്‍, അച്ഛന്‍റെയും അമ്മയുടെയും പേര്, വിലാസം എന്നിവ കാണാതെ പറയാന്‍ അവരെ പഠിപ്പിക്കുക

.

അപരിചിതരായ ആളുകള്‍ അടുത്തേക്കു വിളിച്ചാല്‍ ചെല്ലരുത് എന്ന് കുട്ടിയെ ഓര്‍മിപ്പിക്കുക. ആരെങ്കിലും പിന്‍തുടരുന്നു എന്നു തോന്നിയാല്‍ വേഗം അടുത്ത കടകളിലേക്കോ വീടുകളിലേക്കോ കയറാന്‍ നിര്‍ദ്ദേശിക്കുക.

വൈകുന്നേരത്തെ നടത്തത്തിന് കുട്ടികളെ ഒപ്പം കൂട്ടുക. തന്‍റെ വീടിന്‍റെ പരിസര പ്രദേശങ്ങളെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടാവാന്‍ ഇത് സഹായിക്കും.

ആള്‍ത്താമസമില്ലാത്ത സ്ഥലങ്ങള്‍, ഊടുവഴികള്‍ എന്നിവയിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്ന് കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക.

അപരിചിതമായ സാഹചര്യത്തില്‍ ധൈര്യം കൈവിടാതെ പ്രവര്‍ത്തിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക.

( കടപ്പാട് - കലാകൌമുദി ദിനപത്രം )