വെളിപാടുകള്‍ VElipaaTukaL

What looks like the end Of the road is more often Just a bend in the road.

Saturday, June 27, 2009

ചാറ്റിങ്ങിലൂടെ ചീറ്റിങ്ങ്

Friday, May 2, 2008

കസേരകളി

p>മാജം വര്‍ഷാവര്‍ഷം നടത്തിപ്പോരുന്ന കായിക മത്സരങ്ങളിലെ അവസാന ഇനം അരങ്ങേറാന്‍ പോവുകയായിരുന്നു. വനീതാ വിഭാഗത്തിന്‍റെ മ്യൂസിക്കല്‍ ചെയര്‍ അഥവാ കസേരകളിയുടെ പ്രാരംഭ നടപടികള്‍ മൈതാനിയില്‍ സംഘാടകര്‍ ആരംഭിച്ചു കഴിഞ്ഞു.

വട്ടത്തില്‍ നിരത്തിയിട്ട പത്തു കസേരകള്‍ക്കുചുറ്റും സര്‍ക്കിളിനു പുറത്ത് തരുണികള്‍ അണിഞ്ഞൊരുങ്ങി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നു. സ്ലിം ബ്യൂട്ടികളും ഫാറ്റ് ബ്യൂട്ടികളും കുമ്മായം കൊണ്ടുവരച്ച വട്ടത്തിന് ചുറ്റോടുചുറ്റും, മൈക്കിലൂടെ ഒഴുകിയെത്തിയ ഇന്‍സ്ട്രുമെന്‍റെല്‍ മ്യൂസിക്കിന്‍റെ താളക്രമവിടവനുസരിച്ച് ഓടിയും ഇരുന്നും ഓരോ റൌണ്ടുകളും തികച്ചുകൊണ്ടിരുന്നു.

കസേര കിട്ടാത്തവര്‍ ഇളിഭ്യരായി ചിരിച്ച് പുറത്തുപൊയ്ക്കൊണ്ടിരുന്നു. ഒടുവില്‍ മത്സര വിധി പ്രഖ്യാപനത്തിന്‍റെ ശേഷക്രിയയ്ക്കുവേണ്ടി രണ്ടുപേര്‍ അവശേഷിച്ചു. അത് ജയാ മേനോനും സുനിതാ നായരും ആയിരുന്നു. രണ്ടുപേരും ഇത്തിരി തടിച്ച സുന്ദരിക്കോതകളായിരുന്നു.

ഒന്നാം സ്ഥാനത്തെത്തി കസേര കൈക്കലാക്കാനുള്ള വാശിയില്‍ ഇരുവരും സാരി അല്പം കയറ്റി ഇടുപ്പില്‍ കുത്തി.

വിസില്‍ ശബ്ദമുയര്‍ന്നു.

വാദ്യോപകരണസംഗീതത്തിന്‍റെ ചടുലതയില്‍, കാണികളുടെ ആവേശം പകരുന്ന തപ്പടിയുടെ മൂര്‍ച്ഛയില്‍ ഇരുവരും കിതപ്പ് അശേഷം വകവെയ്ക്കാതെ സര്‍ക്കിളിനു പുറത്ത് കസേരയ്ക്കുചുറ്റും അന്ത്യമ വിധിക്കായി ഓടിത്തുടങ്ങി. കസേര സ്വന്തമാക്കിയേ അടങ്ങൂ എന്ന മുഴുത്ത വാശിയില്‍ അവരുടെ ആവേശം പതിന്മടങ്ങ് വര്‍ധിച്ചിരുന്നു.

സംഗീതം നിലച്ചു.

അവശേഷിച്ചിരുന്ന ഒരു കസേരയില്‍ ജയാ മേനോനും സുനിതാ നായരും അര്‍ദ്ധാസനത്തില്‍ ഇരിപ്പുറപ്പിച്ചു.

അന്നേരം റഫറി, ജയാ മേനോന്‍റെ കളിക്ക് ഫൌള്‍ വിധിച്ചു. സംഗീതം നിലയ്ക്കുന്നതിനുമുമ്പ് ജയാ മേനോന്‍ സര്‍ക്കിളിനുള്ളില്‍ പ്രവേശിച്ചിരുന്നു.!

സുനിതാ നായര്‍ ഒന്നാം സ്ഥാനക്കാരിയായി മൈക്കിലൂടെ അനൌണ്സ് ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു സംഘാടകര്‍.

" ഇത് പക്ഷപാതമാണ്. ഈ വിധിയെ ഞാന്‍ മാനിക്കുന്നില്ല. " - ജയാ മേനോന്‍റെ ഭര്‍ത്താവ് ഇടപെട്ടു.

കോലാഹലം ആരംഭിക്കുകയായിരുന്നു. കാണികള്‍ രണ്ടുചേരിയായി. തര്‍ക്കമായി, ബഹളമായി, തമ്മില്‍ തമ്മില്‍ വാടാ പോടാ വിളിയായി.

" ഏട്ടാ, സാരല്യാന്നേയ്. ഈ കസേരയില്ലെങ്കില്‍ വേറൊരു കസേര നമുക്ക് കിട്ടൂന്നേയ് " - ബഹളത്തിനിടയിലും ജയാ മേനോന്‍ പറഞ്ഞു.

" നീയ്യ് മിണ്ടാതിരിക്കെടി. ഞാനാ നിന്‍റെ അംഗത്വ ഫീസ് അടയിക്കണ് " - ജയാ മേനോന്‍റെ ഭര്‍ത്താവ് കുരച്ചു.

സ്പോര്‍ട്സ് കമ്മറ്റി ചെയര്‍മാനും കണ്‍വീനറും ഗ്രൌണ്ടിന്‍റെ ഒരറ്റത്ത് മാറിനിന്ന് പരസ്പരം കുശുകുശുത്തു.

മൈക്കിലൂടെ വിധിപ്രഖ്യാപനം പുറത്തെത്താന്‍ അധിക സമയമെടുത്തില്ല. മ്യൂസിക്കല്‍ ചെയറിന്‍റെ ഒന്നാം സ്ഥാനത്തേക്കുള്ള വിജയം തുല്യമായി പങ്കിട്ടിരിക്കുന്നു.

കാണികള്‍ ചേരിതിരിവ് മറന്ന് കൈയ്യടിച്ചു.

അന്നേരം ജയാ മേനോനേയും സുനിതാ നായരേയും വിക്റ്ററി സ്റ്റാന്‍ഡിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് മൈതാനിയില്‍ മുഴങ്ങി കേട്ടു.

ജയാ മേനോനും സുനിതാ നായരും വിക്റ്ററി സ്റ്റാന്‍റിന്‍റെ അരികിലെത്തി. അവര്‍ പരസ്പരം നോക്കി. എങ്ങനെ രണ്ടുപേരും വിക്റ്ററി സ്റ്റാന്‍റിന്‍റെ ഒന്നാം നിലയില്‍ ഒരുമിച്ച് കയറിനില്ക്കും എന്നായിരുന്നു അപ്പോള്‍ അവരെ അലട്ടിയിരുന്ന പ്രശ്നം.

അപ്പോള്‍ മാത്രമേ സംഘാടകര്‍ ആ യാഥാര്‍ത്ഥ്യത്തിന്‍റെ വിഷമവൃത്തം മനസ്സിലാക്കിയുള്ളു. ആദ്യം ആരെ കയറ്റിയാലും മറു ചേരിക്കാര്‍ ബഹളമുണ്ടാക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.

എങ്കില്‍ എല്ലാവരേയും വിസ്മയിപ്പിച്ചുകൊണ്ട് സ്പോര്‍ട്സ് കമ്മറ്റി പൊടുന്നനെ പരിഹാരം കണ്ടെത്തി.

ജയാ മേനോനും സുനിതാ നായരും മുഖാമുഖം നിന്ന് ഹസ്ത്ദാനം ചെയ്യുമ്പോള്‍ സഹൃദയരായ കാണികള്‍ നീണ്ട ഹര്‍ഷാരവത്തോടെ കസേരകളിക്കാരെ അഭിനന്ദിച്ചു.

Saturday, April 26, 2008

ഗുരുസാഗരത്തിലൂടെ

നാനാത്വത്തില്‍ നിന്ന് ഏകത്വത്തിലെത്തിയ മലയാളത്തിന്‍റെ പുണ്യം. അതിമനോഹരമായ ആഖ്യാനശൈലിയിലൂടെ മലയാളഭാഷയുടെ സര്‍വജ്ഞപീഠം കയറിയ ശ്രീ. ഓ.വി.വിജയന്‍, 1985 ഒക്റ്റോബറില്‍ ശ്രീരാഗം മാസികയുടെ സഹപത്രാധിപരായിരുന്ന ശ്രീ. വി. നടരാജനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന്.

കോണി കയറി വരുന്ന ദുര്‍ബ്ബലമായ കാലൊച്ചകള്‍. ( ആ വാക്കാണ് ശരി. ദൈവമേ ദുര്‍ബ്ബലമായ കാലോച്ചകള്‍ ) ഞാന്‍ നിന്നു.

എന്‍റെ മുന്നില്‍, നീണ്ട തലമുടി, കണ്ണട, മുട്ടും കഴിഞ്ഞു കിടക്കുന്ന ജുബ്ബ. ഖദര്‍ മുണ്ട്. കയ്യിലടുക്കിപ്പീടിച്ച പുസ്തകങ്ങള്‍ -

ഓട്ടുപുലായ്ക്കല്‍ വേലുക്കുട്ടി വിജയന്‍. എന്‍റെ കൈവശം ചോദ്യങ്ങളുണ്ടായിരുന്നില്ല. തേച്ചു മിനുക്കിയ ഓട്ടുഗ്ലാസുകളുകളില്‍ തണുത്ത വെള്ളം കുടിച്ചിരിക്കുമ്പോള്‍, നിമിഷങ്ങളുടെ മൌനത്തിനോടുവില്‍ നീണ്ട മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള തന്‍റെ സന്ധ്യകളിലേക്ക് ഇതിഹാസകാരന്‍ മടങ്ങിപ്പോയി.

1955ല്‍ ആണ്, കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളോട് താല്പര്യം തോന്നിയിരുന്ന കാലം.മലബാര്‍ ക്രസ്ത്യന്‍ കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി നോക്കുകയാണ്. ഒരു നാള്‍ പ്രിന്‍സിപ്പലുമായി വാക്തര്‍ക്കമുണ്ടായി. പഠിപ്പിച്ചു കൊണ്ടിരുന്ന പുസ്തകം മേശമേലെറിഞ്ഞ് അവിടന്നിറങ്ങിപ്പോന്നു.

1956ല്‍ സഹോദരി ശാന്തയോടൊപ്പം, തസ്സറക്കില്‍ ഒരു സമ്മര്‍ വെക്കേഷന്‍ ചെലവഴിക്കാനെത്തിയത് അങ്ങനെയാണ്.

തഞ്ചാവാരൂത്തെന്നു. വീണ്ടും കോളേജദ്ധ്യാപകനായിത്തന്നെ. തഞ്ചാവൂരെ ജീവിതം വൈവിധ്യമുള്ളതായിരുന്നു. തഞ്ചാവൂരെ ജീവിതം അധികകാലമുണ്ടായിരുന്നില്ല. ആ ജോലി താല്ക്കാലികമായിരുന്നു.

അങ്ങനെ ഒരു ദിവസം അതും നഷ്ടമായി. വ്യഥയുടെ നാളുകളിവിടെ ആരംഭിക്കുന്നു. അക്കാലത്ത് കാര്‍ട്ടൂണ്‍ വരച്ചു തുടങ്ങിയിരുന്നു. ശങ്കേര്‍സ് വീക്കിലി അവ പ്രസിദ്ധീകരിക്കുകയും പ്രതിഫലം തന്നുതുടങ്ങുകയും ചെയ്തിരുന്നു. പൊടുന്നനെ വരുമാനമില്ലാതാവുകയും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ ശങ്കേര്‍സ് വീക്കിലെക്കെഴുതി - ജോലി നഷ്ടമായി. എനിക്കെന്തെങ്കിലും തരാനുണ്ടെങ്കില്‍ തരിക. ( വ്യഥയുടെ, നഷ്ടബോധത്തിന്‍റെ, ദു:ഖത്തിന്‍റെ ഒക്കെ ഈ കാലത്താണ് ഖസാക്കിന്‍റെ ഇതിഹാസം മനസ്സിലൊരു ബീജമായി ഉയിര്‍ക്കൊള്ളുന്നത്. അപ്പുക്കിളി എന്ന കഥാപാത്രമായിരുന്നു മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ട് ആതുരമായ മനസ്സില്‍ ആദ്യമുരുത്തിരിഞ്ഞത്. )

അത്ഭുതകരമായ മറുപടിയാണ് ശങ്കേര്‍സ് ‍വീക്കിലിയില്‍ നിന്നും കിട്ടിയത്. ശങ്കറാണ് എഴുതിയത്. ദില്ലിക്കു വരൂ. ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങളോടൊപ്പം ചേരൂ.

ഇതിനിടെ, അപ്പുക്കിളിയുടെ കഥ എഴുതിയിരുന്നു. എക്കാലത്തെയും നല്ല സുഹൃത്താണ് പ്രതാപ വര്‍മ്മ. വര്‍മ്മ പറഞ്ഞു - വിജയാ, ഒരു മഹത്തായ സിംഫണിയുടെ അതിമനോഹരമായ തുടക്കമാണ് ഞാനിതില്‍ കാണുന്നത്. ഇതൊരു കഥയാക്കി നിറുത്തണ്ട.

ദൈവനീതി പോലെ ഞാനത് കേട്ടു. ഞാനതുള്‍ക്കൊണ്ടു.

പിന്നെ അധികമാലോചിക്കാനുണ്ടായിരുന്നില്ല. അപ്പുക്കിളിയുടേയും മാതവമ്മൂത്താര്ടേയും ഒക്കെ ആ ഇതിഹാസ ഭൂമിയിലേക്ക് നടന്നു നടന്നു പോവുകയായിരുന്നു.

ഒരു തീരുമാനത്തിലെത്താതെ ശങ്കറിന്‍റെ കത്തുമായി കോഴിക്കോട്ടു വന്നു. എന്‍.വി.കൃഷ്ണവാര്യരെ കാണുകയായിരുന്നു ലക് ഷ്യം. നിദ്രയുടെ താഴ്വര ഇതിനിടെ മാതൃഭൂമിക്കയച്ചിരുന്നു. എന്‍.വി. യാണ് അന്നത്തെ പത്രാധിപര്‍. എന്തു സംഭവിച്ചുവെന്നറിയില്ല, റിജക്ഷന്‍ സ്ലിപ്പുമായി മൂന്നാമത്തെയാഴ്ച കഥ തിരിച്ചു വന്നു.

എന്‍റെ കഥയ്ക്കെന്താണ് സംഭവിച്ചത് എന്ന് എന്‍.വി. ക്ക് എഴുതി ചോദിക്കണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല.

ശങ്കറുടെ എഴുത്ത് ഒരു വെളിപാടുപോലെയാണ് വന്നെത്തിയത്. അതുമായി കോഴിക്കോട്ടു വന്നു. എന്‍.വി. യോടു ചോദിച്ചു - എന്തേ എന്‍റെ കഥ തിരിച്ചയച്ചത്. ( ബാലിശമെന്നു തോന്നാവുന്ന അത്തരമൊരു ചോദ്യം ചോദിക്കുമായിരുന്നില്ല. പക്ഷെ നിദ്രയുടെ താഴ്വര എന്ന കഥക്ക് പിന്നില്‍ അത്രയും യാതനകളുണ്ട്. )

എന്‍.വി. സ്ത്ബ്ധനായി. മാസങ്ങള്‍ നീണ്ടുനിന്ന ഒരു കാശ്മീര്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളു അദ്ദേഹം. താന്‍ സ്ഥലത്തില്ലാതിരുന്നപ്പോള്‍ ഏതെങ്കിലും സഹപത്രാധിപരുടെ കയ്യില്‍ അതുചെന്നെത്തിയിരിക്കാം. വിജയന്‍റെ 'ഡെപ്ത്' അറിയാത്ത അയാള്‍ അബദ്ധത്തില്‍ തിരിച്ചയച്ചിട്ടുണ്ടാവും. ' ഏതായാലും തരൂ. ഞാനത് പ്രസിദ്ധീകരിക്കട്ടെ. '- എന്‍.വി. പറഞ്ഞു.

പക്ഷെ, അപ്പോഴേക്കും ജയകേരളത്തിന്‍റെ ഒരു വിശേഷാല്‍ പതിപ്പ് ആ കഥ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. കയ്യിലുണ്ടായിരുന്ന അപ്പുക്കിളിയുടെ കഥ എന്‍.വി. അപ്പോള്‍ത്തന്നെ വാങ്ങിച്ചു.

1958 സെപ്തംബറിലായിരുന്നു അതെന്ന് നന്നായി ഓര്‍ക്കുന്നു. അച്ചടിച്ചു വന്നതാവട്ടെ ഒക്റ്റോബര്‍ അവസാന വാരം.

ദേശാഭിമാനിയില്‍ നിന്ന് ഒരു വാരിക ഇറങ്ങിയിരുന്നു - പ്രപഞ്ചം ; അതിന്‍റെ എഡിറ്ററായി കുറച്ചു കാലം ജോലി നോക്കി. അന്നൊരിക്കല്‍ എ.കെ.ജി. ദേശാഭിമാനിയില്‍ വന്നു. എ.കെ.ജിയോട് ശങ്കറിന്‍റെ കത്തിനെക്കുറിച്ച് സൂചിപ്പിച്ചു. എ.കെ.ജി പറഞ്ഞു - താനിവിടെ നില്ക്കണ്ട. പോയി, ശങ്കറിനോടൊപ്പം ചേരൂ. താന്‍ ഭാവിയുള്ള ഒരു ചെറുപ്പക്കാരനാണ്. ദില്ലിയിലെ താമസത്തിനും മറ്റും എന്നെ വന്നു കാണുക. ഞാനത് നോക്കിക്കൊള്ളാം.

വീണ്ടും ഒരു വാക്ക്. ദൈവനീതിപോലെ ഒരനുഭവം. പിന്നെ വൈകിയില്ല. ദില്ലിക്ക് പുറപ്പെട്ടു. 1958 ഒക്റ്റോബറായിരുന്നു അത്.

ഇരുപത്തേഴുവര്‍ഷം മുമ്പുള്ള ആ ദിവസങ്ങളുടെ വിശദാംശങ്ങള്‍വരെ വിജയന്‍ ഓര്‍ത്തുവച്ചിരിക്കുന്നു. സുഖമില്ലാതെയാണ് ട്രെ‍യിന്‍ കയറുന്നത്. ഒരുതരം അനിശ്ചിതമായ മാനസികാവസ്ഥ.

കമ്പാര്‍ട്ടുമെന്‍റില്‍ വയറ്റിന് സുഖമില്ലാതെ കിടക്കുകയാണ്. ട്രെയിനിന്‍റെ കേറ്ററിംഗ് സര്‍വ്വീസില്‍ പരിചയക്കാരുണ്ട്. അവര്‍ കഞ്ഞിയും പൊടിച്ചമ്മന്തിയും തയ്യാറാക്കിത്തന്നു.

ഒരു ദിവസം രാവിലെ അവരിലൊരാള്‍ വായിക്കാനായികൊണ്ടു തന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് തുറന്നപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായി. അപ്പുക്കിളിയുടെ കഥ അതില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

പിന്നീട്, അതു തുടങ്ങി വച്ചപ്പോഴുണ്ടായ യാതനകളുണ്ടായില്ല. രവിയെന്ന കഥാപാത്രത്തെച്ചുറ്റി വീണ്ടും വീണ്ടും കഥാപാത്രങ്ങളുണ്ടായി. ഇതിഹാസങ്ങളുണ്ടായി. രവിയില്ത്തുടങ്ങി, കുട്ടാപ്പുനരിയിലും മുങ്ങാങ്കോഴിയിലും മൂലയ്ക്കലെ വെള്ളം നിറച്ച കലം ചൂണ്ടിക്കാണിച്ചപ്പോള്‍ മാസ്റ്റരെ തറഞ്ഞൊന്നു നോക്കിയ വില്ലവച്ച ശിപായിയില്‍ വരെ എത്തി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ക്ക് ത്രിമാനസ്വഭാവം കൈവന്നു.

ഒരവധിക്കാലം

പാലക്കാട്ടുള്ള സഹോദരിയുടെ വീട്ടില്‍ അത് ചെലവഴിക്കാനെത്തിയതാണ്. പനി. കുളിരും കടുത്ത തലവേദനയുമായി, ഉദയാസ്തമയങ്ങളില്‍ നിന്നകന്ന് തറവാട്ടില്‍ പുതച്ചുമൂടി കിടക്കുന്നു. അന്നൊരു ദിവസം, പടികടന്ന് ഖാലിയാര്‍ വന്നു; രോഗമറിയാന്‍, ആരുടേയും അനുവാദം കൂടാതെ മുറിതുറന്ന് ഖാലിയാര്‍ കട്ടിലിന്നരികില്‍ നിന്നു.

പുകചുറ്റിയ കണ്ണുകള്‍ കൊണ്ട് ത്രികാലങ്ങളിലേക്കും ഖാലിയാര്‍ നോക്കുന്നുണ്ടെന്നും അതത്രയും ഖാലിയാരറിയുന്നുണ്ടെന്നും തോന്നി.

- സാരമില്ല. ഒക്കെ ഭേദാവും. പടച്ചോന്‍ തുണയ്ക്കും. നേര്‍ത്ത്, ദൃഡമായ ശബ്ദത്തില്‍ ഖാലിയാരുടെ സാന്ത്വനപ്പെടുത്തല്‍.

( പാലക്കാടിന്നടുത്ത തസ്സറാക്കില്‍ ഖസാക്കിന്‍റെ ഇതിഹാസത്തിന്‍റെ ഈറ്റില്ലത്തില്‍ ജീവിച്ചിരിക്കുന്ന ഈ മദ്ധ്യവയസ്സുകാരന്‍ കരുതുന്നത് ' വിജയന്‍ സാറ് ' നോവലില്‍ ചിത്രീകരിച്ച ഖാലിയാര്‍ താന്‍തന്നെയാണെന്നാണ്. അതിലയാള്‍ക്ക് അഭിമാനവുമുണ്ട്. )

തസ്സറാക്കിലെ ജനങ്ങള്‍ ഇന്നും നോവലിസ്റ്റിനെ ഒരിതിഹാസ പുരുഷനായിട്ടാണ് കാണുന്നത്. ഒറ്റപ്പെട്ടുകിടന്ന ആ പാലക്കാടന്‍ ഗ്രാമത്തെ 'വിജയന്‍ സാറ്' അനശ്വരമാക്കിയെന്നവര്‍ വിശ്വസിക്കുന്നു.

ഉദ്യോഗസ്ഥയായ സഹോദരിയോടൊപ്പം തസ്സറാക്കില്‍ കുറച്ചുകാലം താമസിച്ചിരുന്നപ്പോള്‍ കണ്ടുമുട്ടിയ പലരും കഥാപാത്രങ്ങളാവുകയുണ്ടായി. അതദ്ദേഹം സമ്മദിക്കുന്നു.

" അത് വ്യക്തമാക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. ഒരുപക്ഷെ അവര്‍ക്കതിഷ്ടപ്പെട്ടില്ലെങ്കിലോ? അവരുടെ അറിവോടെയല്ലല്ലോ ഞാനത് ചെയ്തത്. " വിജയനിലെ സെന്‍റിമെന്‍റലായ മനുഷ്യനെ അടുത്തുകാണെനെനിക്കു ലഭിച്ച അവസരങ്ങളിലോന്നായിരുന്നു അത്.

നിങ്ങള്‍ക്കറിയാമോ, ഒരു ഐറിഷ് വിസ്ക്കിയും കുറച്ച് ഐസ് ക്യൂബുകളും ഒരു തണുപ്പിച്ച കോഫിയും കലര്‍ത്തി കുടിക്കാനാണ് ഒരിന്ത്യക്കാരന്‍ താജ് പാലസില്‍ കയറി എഴുപത്തഞ്ചു രൂപ ചെലവാക്കുന്നത്. ദില്ലിയില്‍ ഒരു രാജസ്ഥാനി വേശ്യയുടെ ഒരു മാസത്തെ ശമ്പളമാണത്. ഒന്നു ചിന്തിച്ചു നോക്കൂ, നമ്മളെങ്ങോട്ടാണ് പോവുന്നതെന്ന്. ഏഷ്യാഡിനോടനുബന്ധിച്ച് ദില്ലിയില്‍ എത്ര വന്‍കിട ഹോട്ടലുകളുണ്ടായി? നമുക്കിതൊക്കെ കൂടിയേ കഴിയൂ എന്നാരു പറഞ്ഞു? ആറാം പദ്ധതിക്കാലത്ത് മാത്രം ദില്ലിയില്‍ എത്ര ചേരികളുണ്ടായി എന്നാലോചിച്ചുട്ടുണ്ടോ?

ദില്ലി ഡെവലപ്പ്മെന്‍റ് അതോറിറ്റിയുടെ ഈ വീട് കണ്ടെത്താനും ജീവിതം കരുപ്പിടിപ്പിക്കാനും ഒരു പുരുഷായുസ്സിന്‍റെ നേരം ചെലവാക്കി. ഉവ്വ്, ഞാനിതിനിടെ ഒത്തിരിസമയം നഷ്ടപ്പെടുത്തി - കുടുംബ ജീവിതം എഴുത്തിനെ ഒരു കമ്മിറ്റ്മെന്‍റായി കരുതുന്നവര്‍ക്ക് പറ്റിയതല്ലെന്ന തന്‍റെ വീക്ഷണം - വിശ്വാസം ദൃഡപ്പെടുത്തുകയായിരുന്നു വിജയന്‍.

< /p>

Friday, April 25, 2008

ഗുരുപ്രസാദം

നമ്മള്‍ എന്താണെന്നതിനേക്കാള്‍ എന്തായിരിക്കണം എന്നതാണ് ശ്രീ നാരായണ ഗുരു നമ്മളെ അദ്ദേഹത്തിന്‍റെ ഉപദേശങ്ങളിലൂടെയത്രയും പഠിപ്പിച്ചത്. ഇന്നത്തെ രാഷ്ട്രീയ, സാമൂഹ്യ, മത പ്രമാണിമാര്‍ ഈ വാക്കുകള്‍ ഓര്‍ക്കുക വല്ലപ്പോഴും - കടപ്പാട് - അകവും പുറവും - സരോവരം മാസിക - മാര്‍ച്ച് - 1987
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്

ഒരിക്കല്‍ ഒരു ഭക്തന്‍ ശ്രീ നാരായണഗുരുവിനോടു ചോദിച്ചു - ആട്ടിന്‍ പാലും പശുവിന്‍ പാലും നമ്മള്‍ കുടിക്കാറുണ്ടല്ലോ സ്വാമീ? പിന്നെന്താണ് അവയുടെ മാംസം തിന്നാല്‍ തരക്കേട്?
സ്വാമികള്‍ : ഒരു തരക്കേടുമില്ല. ആട്ടെ, അമ്മയുണ്ടോ? ഭക്തന്‍ : ഇല്ല സ്വാമി. മരിച്ചു പോയി.സ്വാമികള്‍ : കുഴിച്ചിട്ടോ, തിന്നോ?

xxxxxxx

ശ്രീ നാരായണ ഗുരു ഒരു യാത്ര കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. പല്ലെല്ലാം കൊഴിഞ്ഞുപോയ തടിയനായ ഒരു വൃദ്ധന്‍ അപ്പോള്‍ മാടന്‍ തുള്ളിക്കോണ്ട് സ്വാമികളുടെ മുന്നിലെത്തി.

വൃദ്ധന്‍ : ഞാന്‍ ആരാണെന്നറിയാമോ ?

സ്വാമികള്‍ : ( പുഞ്ചിരിയോടെ ) കണ്ടിട്ടൊരു തടിമാടനാണെന്ന് തോന്നുന്നു.

വൃദ്ധന്‍ : നമ്മെ പരിഹസിക്കുന്നോ ? പരീക്ഷ വല്ലതും കാണണോ?

സ്വാമികള്‍ : ( ചിരിച്ചുകോണ്ട് ) ആ വായില്‍ പല്ലൊന്ന് കണ്ടാല്‍ കൊള്ളാം.

>xxxxxxxx

ശവം ദഹിപ്പിക്കുന്നതോ കുഴിച്ചു മൂടുന്നതോ ഏതാണ് നല്ലതെന്ന് ഒരു ഭക്തന്‍ ശ്രീനാരായണ ഗുരുവിനോട് ചോദിച്ചു:

സ്വാമികള്‍ : അത് ചക്കിലിട്ട് ആട്ടി തെങ്ങിന് വളമാക്കിയാല്‍ നന്ന്.

ഭക്തന്‍ : അയ്യോ, സ്വാമീ.......

സ്വാമികള്‍ : എന്താ, ശവത്തിന് നോവുമോ?

>xxxxxxxxxx

ശ്രീ നാരായണ ഗുരു ഒരു ഭക്തന്‍റെ വീട്ടില്‍ ഊണുകഴിക്കാനിരുന്നു.

സ്വാമികള്‍ : ഇപ്പോള്‍ മത്സ്യമാംസം കൂട്ടാറില്ലേ ! ഇന്ന് ഒന്നും ഇല്ലല്ലോ?

ഭക്തന്‍ : ഇപ്പോള്‍ അത്ര നിര്‍ബന്ധമില്ല. ഉണ്ടെങ്കില്‍ കഴിക്കും. അത്രയേയുള്ളു.

സ്വാമികള്‍ : ഇപ്പോള്‍ ഉണ്ടെങ്കില്‍ കഴിക്കും. മുമ്പൊക്കെ ഇല്ലെങ്കിലും കഴിക്കും. വലിയ മാറ്റം തന്നെ.

xxxxxxxxxxxxxx

തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി പുറത്തേക്ക് വരികയായിരുന്നു ശ്രീ നാരായണ ഗുരു. അപ്പോള്‍ ത്രിവേദിയായ ഒരു പണ്ഡിതനു സംശയം. അന്ന് ആ സമയത്ത് ക്ഷേത്ര പ്രതിഷ്ഠക്ക് മുഹൂര്‍ത്തം ഇല്ലായിരുന്നു.

പണ്ഡിതന്‍ : പ്രതിഷ്ഠക്ക് മുഹൂര്‍ത്തം ഏത് രാശിയിലാണ്?

സ്വാമികള്‍ : അടി അളന്നുണ്ടാക്കണം.

പണ്ഡിതന്‍ കാര്യം മനസ്സിലാക്കാതെ മിഴിച്ചു നിന്നു.

സ്വാമികള്‍ : കുട്ടി ജനിച്ചശേഷമല്ലേ ജാതകം ഉണ്ടാക്കുക. മുഹൂര്‍ത്തം കണക്കാക്കി ജനിക്കാറില്ലല്ലോ? പ്രതിഷ്ഠ കഴിഞ്ഞു. ഇനി മുഹൂര്‍ത്തം നോക്കിക്കോളു.

xxxxxxxxxx

സ്വാമികള്‍ ഒരിക്കല്‍ തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു. ഒരു രാജാവും ഒരു നമ്പൂതിരിയും സ്വാമിക്കു സമീപം ഉണ്ടായിരുന്നു. സ്വാമിയുടെ സംഭാഷണം കേട്ട അവര്‍ക്ക് അദ്ദേഹത്തോട് വളരെ ബഹുമാനമായി.

നമ്പൂതിരി : എന്താ പേര് ?

സ്വാമി : നാരായണന്‍

നമ്പൂതിരി : ജാതിയില്‍ ആരാണ്?

സ്വാമി : കണ്ടാല്‍ അറിഞ്ഞു കൂടെ?

നമ്പൂതിരി : അറിഞ്ഞുകൂടാ.

സ്വാമികള്‍ : കണ്ടാല്‍ അറിഞ്ഞുകൂടെങ്കില്‍ പിന്നെ കേട്ടാല്‍ അറിയുന്നതെങ്ങനെ ?


Thursday, April 24, 2008

അപൂര്‍വ്വം ചിലര്‍

കൊച്ചിയുടെ വേഗത്തിനൊപ്പം അല്ലെങ്കില്‍ ഒരടി മുമ്പേ സഞ്ചരിച്ച ജില്ലാ കളക്റ്റര്‍ മുഹമ്മദ് ഹനീഷിന് പടിയിറക്കം. കേരളം ചര്‍ച്ച ചെയ്യുന്ന ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിക്കോണ്ടാണ് മൂന്നേമുക്കാല്‍ വര്‍ഷം നീണ്ട എറണാകുളം ജില്ലാ കളക്റ്റര്‍ സ്ഥാനം ഇദ്ദേഹം ഒഴിയുന്നത്.

2004 ജൂലായ് 16ന് ജില്ലാകളക്റ്ററായി സ്ഥാനമേല്‍ക്കുമ്പോഴുണ്ടായിരുന്ന അതേ തിരക്കായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറായി സ്ഥാനം മാറ്റിക്കോണ്ട് മന്ത്രിസഭാ തീരുമാനം വന്ന ദിവസവും.

മൂന്നുമാസം മുമ്പിറങ്ങിയ 'ദ ഇക്കണൊമിക്സ്' എന്ന പ്രസിദ്ധീകരണത്തില്‍ ഇദ്ദേഹത്തെക്കുറിച്ചു വന്ന പരാമര്‍ശം ഈ തിരക്കിനോരംഗീകാരമാണ്. 16 മണിക്കൂര്‍ ജോലി ചെയ്യുന്ന ഇന്ത്യയിലെ ചുരുക്കം ഉന്നതോദ്യോഗസ്ഥരില്‍ ഒരാളിദ്ദേഹമെന്നാണ് പ്രസിദ്ധീകരണത്തിന്‍റെ കവര്‍ സ്റ്റോറിയില്‍ പറഞ്ഞിരിക്കുന്നത്.

' പൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെ ജോലിചെയ്യുകയെന്നതാണ് എന്‍റെ നയം. അതിനെത്ര സമയം വേണമെങ്കിലും ചെലവഴിക്കും. മറ്റേതൊരു കാലഘട്ടത്തേക്കാളും കഴിഞ്ഞ മൂന്നു നാലു വര്‍ഷത്തിനിടയില്‍ കൊച്ചിയുടെ വികസനവേഗം കൂടിയത് തിരക്ക് അനിവാര്യമാക്കി. കൊച്ചിയെ സംബന്ധിച്ച് വരാനിരിക്കുന്നത് അതിലേറെ തിരക്കുള്ള ദിവസങ്ങളാണ്. മുഹമ്മദ് ഹനീഷ് മാതൃഭൂമിയോടു പറഞ്ഞു.

യു.ഡി.എഫ്. സര്‍ക്കാരിന്‍റെ അവസാനകാലത്തും എല്‍.ഡിഫ്. സര്‍ക്കാരിന്‍റെ തുടക്കം മുതലും കളക്റ്ററായിക്കോണ്ടാണ് ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അതില്‍ പ്രധാനപ്പെട്ടതാണ് ഏറെ വെല്ലിവിളി നേരിട്ട് സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് വേണ്ട 246 ഏക്കര്‍ ഭൂമിയേറ്റെടുത്തത്.

നഗരത്തിലും പരിസരത്തും വികസന പ്രവര്‍ത്തനം ഒതുങ്ങിയില്ല. നേര്യമംഗലത്ത് ആദിവാസി ഗ്രാമത്തിന് സ്ഥലമേറ്റെടുത്തു. ആലുവ, പറവൂര്‍, മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കി.

( മാതൃഭൂമി ദിനപത്രം ഏപ്രില്‍, 11 2008 )


Wednesday, April 23, 2008

അച്യുത മേനോന് പിണഞ്ഞ അമളി-കഥ

മോഹന്‍ പ്രസ്സുടമ അച്യുത മേനോനന്‍‍ കസാലയില്‍ ചാരിക്കിടന്ന് ആലോചനയില്‍ ആണ്ടിരുന്നു. പ്രസ്സ് നടത്തിക്കൊണ്ട് പോകുന്നതില്‍ മോനോന്‍‍ ഉത്കണ്‍ഠപ്പെട്ടിരുന്നില്ല. പക്ഷെ, പ്രസ്സിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ബുക്ക് സ്റ്റാള്‍ മേനോന് ഏറെ മന:പ്രയാസം സൃഷ്ടിച്ചു.

ബുക്ക് സ്റ്റാള്‍ അടച്ചുപൂട്ടാന്‍ സുഹൃത്തുക്കള്‍ പലവുരു മേനോനെ ഉപദേശിച്ചതായിരുന്നു. അതൊന്നും അയാള്‍ ചെവിക്കൊണ്ടില്ല.

അയാള്‍ കച്ചവടത്തിന്‍റെ ഹരിശ്രീ കുറിച്ചത് എളിയ നിലയില്‍ തുടങ്ങിയ ഒരു ബുക്ക് സ്റ്റാളിലൂടെയായിരുന്നു. ഇന്ന് മേനോന്‍ നാലാള്‍ അറിയുന്ന ബിസിനസ്സുകാരനായിട്ടുണ്ട്. എങ്കിലും പഴയ കഷ്ടപ്പാടിന്‍റെ കറുത്ത ദിനങ്ങള്‍ ഇടയ്ക്കൊക്കെ അയാളെ വേട്ടയാടാറുണ്ട്.

കൊച്ചുമുതലാളിയുടെ അച്ചുകൂടത്തില്‍ അടിച്ചുവാരാന്‍ നിന്ന ആ തെണ്ടിച്ചെക്കന്‍ പയ്യെ മുതലാളിയുടെ വിശ്വസ്തനായിത്തീര്‍ന്നു. മുതലാളി മരണക്കിടക്കയില്‍ കിടന്ന് തന്‍റെ വിശ്വസ്ത സേവകനെ വിളിച്ചു. - " അച്ചൂ, നീയ് മിടുക്കനാണ്. ഇനി നീ ആശ്രിതനായിവടങ്നെ കഴൃണത് ശര്യല്ല. നിനക്ക് നല്ലൊരു ഭാവീണ്ട്......വല്ലതും സ്വന്തായി തൊടങ്ങ്.......അച്ചൂന് നല്ലതെ വരൂ....."

കൊച്ചുമുതലാളി അനുഗ്രഹിച്ചു കൊടുത്ത പണം മുടക്കി അച്യുത മേനോന്‍ വളരെ ചെറിയ തോതില്‍ നോട്ടുബുക്കുകളുടെ കച്ചവടം ആരംഭിച്ചു. അയാള്‍ക്ക് ഒരിക്കലും വച്ചകാല്‍ പിറകോട്ടു വലിക്കേണ്ടതായി വന്നില്ല; വച്ചടിവച്ചടി കയറ്റം. അയാള്‍ കച്ചവടം വിപുലീകരിച്ചു. അത് പടര്‍ന്ന് പന്തലിച്ചു.

എല്ലാം സ്വപ്രയത്നത്തിലൂടെ നേടിയതെങ്കിലും കയറിപ്പോന്ന വഴികളെപ്പറ്റി അയാള്‍ പൂര്‍ണ്ണ ബോധവാനായിരുന്നു.

അയാള്‍ ചാരുകസാലയില്‍ ഇളകിയിരുന്നു. ബുക്ക് സ്റ്റാള്‍ തുടര്‍ന്ന് നടത്തുന്നതിലേക്ക് കൈക്കൊള്ളേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരുന്നു.

അച്യുത മേനോന്‍റെ ഏക മകള്‍ അനിത പത്താംതരം ഉയര്‍ന്ന നിലയില്‍ വിജയിച്ചു. ഏതൊരച്ഛനേയും പോലെ മേനോനും അതില്‍ അഭിമാനിതനായിരുന്നു. അവളുടെ പഠിത്തം കുറച്ചകലെയുള്ള മഠം വക ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു മേനോന്‍ നടത്തിയത്. മഠത്തിന്‍റെ ഗമ അവള്‍ക്ക് അടുത്ത പട്ടണത്തിലെ കോളേജ് പ്രവേശനത്തില്‍ മുന്‍ഗണന നല്കി.

അച്യുത മേനോന്‍റെ ചിന്തകള്‍ തനി ബിസിനസ്സ് ശൈലിയില്‍ ഓട്ടം തുടങ്ങി.

അനിതയ്ക്ക് ഉച്ചക്ക് ശേഷമെ ക്ലാസില്‍ പോകേണ്ടതുള്ളു. അവളെ ഉച്ചവരെ ബുക്ക് സ്റ്റാളില്‍ ഇരുത്താം. ശേഷം ഭാഗം അമ്മാളു നോക്കട്ടെ.

അയാളുടെ വിചാരങ്ങളുടെ ശൃഖല നീണ്ടുപോവുകയായിരുന്നു.

പക്ഷെ, അമ്മാളു സമ്മതിക്കുമോ? അച്യുത മേനോനന്‍ ശങ്കിച്ചു. അമ്മാളു ശുദ്ധ ഗതിക്കാരിയാണ്. നേരേവാ നേരേപോ പ്രകൃതക്കാരിയായ തന്‍റെ ഭാര്യയെഎങ്ങനെയെങ്കിലും സമ്മതിപ്പിച്ചേ അടങ്ങൂ എന്ന തീരൂമാനത്തോടെ, ഒരു പരീക്ഷണത്തിനുള്ള പുറപ്പാടോടെ അച്യുത മേനോന്‍ പ്രസ്സിനു പുറത്തിറങ്ങി.

പലവിധ മനോവ്യാപാരങ്ങളോടെ അയാള്‍ വീട്ടിലെത്തി. അമ്മാളുഅമ്മ കൊടുത്ത ചായ ഊതിക്കുടിക്കുന്നതിനടയില്‍ അച്യുത മേനോന്‍ പൂമുഖത്ത് വരുത്തിയ മാറ്റങ്ങള്‍ ഔത്സുക്യത്തോടെ വീക്ഷിച്ചു. ആകാശനീലിമയുടെ ചാരുത നിറഞ്ഞ ജനല്‍ കര്‍ട്ടനുകള്‍; ഒരു ഭാവഗാനത്തിന്‍റെ സൌന്ദര്യത്തോടെ ഒഴുകുന്ന പുഴയുടെ ചുമര്‍ ചിത്രം.

അയാള്‍ക്ക് അനിതയുടെ കലാബോധത്തില്‍ മതിപ്പ് വളര്‍ന്നു

.

വിശ്രമത്തിനടയില്‍ അച്യുത മേനോന്‍ ചുമര് ചാരി നില്‍ക്കുന്ന അമ്മാളു അമ്മയോട് ബുക്ക് സ്റ്റാളിന്‍റെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് പറഞ്ഞു. തന്നെ വളര്‍ത്തിയ ബുക്ക് സ്റ്റാള്‍ ഉപേക്ഷിക്കുന്നതിലുള്ള വൈമനസ്യത്തെക്കുറിച്ച് സൂചിപ്പിച്ചു.

അമ്മാളുഅമ്മ എല്ലാം മൂളിക്കേട്ടു.

" അമ്മാളൂം അനിതയും വിചാരിച്ചാല്‍ കട നടത്താന്‍ പറ്റില്യേ." ഒടുവില്‍ മേനോന്‍ ചോദിച്ചു.

അമ്മാളു അമ്മ അസ്വസ്ഥതയോടെ ചുമര് ചാരി നിന്നു. വാക്കുകള്‍ അവര്‍ക്ക് എവിടെയൊക്കെയോ വഴി മുട്ടി.

" അതെ..... അതെ.......... ബാക്കിള്ളോന്‍ ഇനി കച്ചോടോം ചെയ്യണോ...... ഒന്നിനോക്കണം പോന്ന പെങ്കുട്യാ.......... കഷ്ടേ കഷ്ടം......... "

"അമ്മാളുനെന്താ കാര്യം പറഞ്യാ മനസ്സിലാവില്യേ."

അച്യുത മേനോന്‍റെ വാക്കുകള്‍ക്കപ്പുറം വഴിവിട്ടിറങ്ങാന്‍ അമ്മാളു അമ്മയ്ക്ക് അറിയില്ലായിരുന്നു.

പിറ്റേന്ന് പ്രഭാതം മുതല്‍ അമ്മയും മോളും ബുക്ക് സ്റ്റാളിലെ സെയില്‍സ് ഗേള്‍സായി ജോലി തുടങ്ങി. അച്യുത മേനോന്‍റെ ശിക്ഷണത്തില്‍ അവര്‍ ആത്മാര്‍ത്ഥതയോടെ വിപണനരംഗത്ത് മുഴുകി.

തിരക്കുകള്‍ക്കിടയില്‍ അപൂര്‍വമായി കിട്ടുന്ന രാത്രീയുടെ അന്ത്യയാമങ്ങളിലെ വിശ്രമവേളകളില്‍ അച്യുത മേനോന്‍ ബുക്ക് സ്റ്റാളിന്‍റെ വില്പ്പനയുടെ കണക്കുകളിലുടെ നീങ്ങിയപ്പോള്‍ അദ്ഭുതത്തോടെ, ഒട്ടൊരു വേദനയോടെ ആ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞു - ദിനംപ്രതി പുസ്തക വില്പന കുറഞ്ഞു വരുന്നു.

അച്യുത മേനോന്‍ ആദ്യമായി തോല്‍വി മണത്തറിഞ്ഞു. ഇതില്‍ എന്‍തോ പന്‍തി ‍കേടുള്ളതായി അയാള്‍ നിരീച്ചു.

പക്ഷെ, തെളിവുകള്‍. അത് അയാളെ കുഴക്കുന്ന കീറാമുട്ടിയാക്കി......

അപ്പോള്‍ അനിത ബുക്ക് സ്റ്റാളില്‍ ഇരിക്കുകയായിരുന്നു. ഹൈസ്കൂളില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ പുസ്തകം വാങ്ങാന്‍ എത്തിച്ചേര്‍ന്നു.

" ഇരുനൂറ് പേജ് നോട്ട്പുസ്തകം വേണം." കുട്ടികള്‍ പറഞ്ഞു.

" റൂള്ഡോ, അണ്‍റൂള്ഡോ" അനിത ചോദിച്ചു.

" മാഷോട് ചോദിക്കണം." കുട്ടി പറഞ്ഞു.

" ഓക്കെ. സാറിനോട് കണ്‍ഫേം ചെയ്ത് വരൂ. "

കുട്ടികള്‍ ഇറങ്ങാനുള്ള ബദ്ധപ്പാടിലായിരുന്നു. അന്നേരം അച്യുത മേനോന്‍ ധൃതിയില്‍ കയറി വന്നു.

" മക്കള് പുസ്തകം വാങ്ങീല്യേ" അയാള്‍ ചോദിച്ചു.

" ഇരൂന്നുറ് പേജിന്‍റെ പുസ്തകം ബ്ടെ ഇല്യാത്രെ. "

" ബ്ടെ ണ്ട് ല്ലോ. ആട്ടെ, മക്കള്‍ക്ക് വരയിട്ടതാ ഇടാത്തതാ വേണ്ടെ. "

" വരയിട്ടത്. " കുട്ടി പറഞ്ഞു.

പുസ്തകം എടുത്തുകൊടുക്കുമ്പോള്‍ മേനോന്‍ മകളെ രൂക്ഷമായി നോക്കി. അത്രമാത്രം.

അങ്ങുപുറത്ത് പ്രസ്സിനുമുന്നിലൂടെ നീണ്ടുപോവുന്ന ടാറിട്ട പൊതുനിരത്തിലൂടെ ഉദയാമോട്ടോര്‍ സര്‍വ്വീസ് അന്നേരം ഹൈസ്കൂള്‍ കുട്ടികളെ കുത്തിനിറച്ച് പട്ടണം ലക് ഷ്യമാക്കി കുതിച്ചു പാഞ്ഞു.............

Monday, April 21, 2008

ബാര്‍ബര്‍മാര്‍ക്ക് ചൈനയില്‍ പറുദീസ

രണ്ടുപേര്‍ക്ക് മുടിവെട്ടാന്‍ 61,200 രൂപ. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ സെങ്സോമുവിലെ ഒരു ഒരു ബാര്‍ബര്‍ ഷോപ്പാണ് രണ്ടു കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്രയും തുകക്കുള്ള ബില്‍ നല്‍കിയത്.

ബില്‍ നല്‍കാന്‍ പണമില്ലാത്തതിനാല്‍ കടക്കുള്ളില്‍ മണിക്കൂറുകളോളം ഇവരെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. ഒടുവില്‍ ഒത്തുതീര്‍പ്പിലൂടെ വിട്ടയച്ചു.

കടയുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചുരുന്ന ബോര്‍ഡ് കണ്ടാണ് ഇരുവരും ഉള്ളില്‍ കടന്നത്. മുടി വെട്ടാന്‍ 38 യുവാന്‍ ( ഏകദേശം 211 രൂപ ) ആണ് കൂലിയായി മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. മുടിവെട്ടിക്കഴിഞ്ഞപ്പോഴാണ് ഇരുവര്‍ക്കും കടയുടമ കനത്ത ബില്‍ നല്‍കിയത്.

തര്‍ക്കിച്ചു നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇവരെ കടയ്ക്കുള്ളീല്‍ തടഞ്ഞുവച്ചു. യുവാക്കളുടെ പരാതിയെത്തുടര്‍ന്ന് അധികൃതര്‍ കടപൂട്ടിച്ചു. മാത്രമല്ല, വന്‍ തുക പിഴയുമിട്ടു.

ഈ കടയെപ്പറ്റി നേരത്തെയും ഇത്തരം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

( കലാകൌമുദി ദിനപത്രം ഏപ്രില്‍, 11, 2008 )